കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കുമെന്നും അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. വടക്കൻ കേരള തീരത്തും, കർണാടക ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
കണ്ണൂർ, കാസർഗോഡ്, മാഹി തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ നാളെയും യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.