കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Anjana

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂർ, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിലാണ് അവധി നൽകിയിരിക്കുന്നത്. എന്നാൽ കാസർഗോട്ടെ കോളജുകൾക്ക് അവധി ബാധകമല്ല. മറ്റ് മൂന്ന് ജില്ലകളിൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. മുൻപ് നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതായും അറബിക്കടലിൽ ചക്രവാതചുഴിയും, വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി മഴ ശക്തമാകുമെന്നും അറിയിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. നാളെ രാത്രി പതിനൊന്നര വരെ കേരള-തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.