കേരളത്തിൽ കനത്ത മഴയെത്തുടർന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടുക്കി മാങ്കുളത്ത് താളുംകണ്ടം സ്വദേശി സനീഷ് കൃഷിയിടത്തിലേക്ക് പോകുമ്പോൾ തോണി മറിഞ്ഞ് പുഴയിൽ വീണ് മരിച്ചു. തിരുവനന്തപുരം മര്യനാട് സ്വദേശി അലോഷ്യസ് എന്ന മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു.
കൂടെയുണ്ടായിരുന്ന മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ വിവിധ സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വയനാട് കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായെങ്കിലും ഉരുൾപൊട്ടലല്ലെന്ന് സ്ഥിരീകരിച്ചു.
പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയം ജില്ലയിൽ പെരുമ്പായിക്കാട്, വിജയപുരം എന്നിവിടങ്ങളിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പതിനൊന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള മേഖലകളിൽ നിന്ന് കൂടുതൽ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടികൾ തുടരുന്നു.