കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന നാല് സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ചേവായൂര് എന്ജിഒ ക്വാര്ട്ടേഴ്സ് ഹൈസ്കൂള്, കോഴിക്കോട് ഐഎച്ച്ആര്ഡി ടെക്നിക്കല് ഹയര് സെക്കന്ററി സ്കൂള്, കോട്ടുളി ജിഎല്പി സ്കൂള്, മുട്ടോളി ലോലയില് അങ്കണവാടി എന്നിവയാണ് അവധി ലഭിക്കുന്ന സ്ഥാപനങ്ങൾ.
വയനാട് ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.
എന്നാൽ, മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു. വയനാട്ടിൽ ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് നിലനിൽക്കുകയാണ്.
നാളെയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.