സംസ്ഥാനത്ത് ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നു. കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് അവധി നൽകിയിരിക്കുന്നത്. എന്നാൽ, കണ്ണൂരിൽ കോളജുകൾക്ക് അവധി ബാധകമല്ല എന്നും അധികൃതർ അറിയിച്ചു.
കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ എന്നിവയടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നിരുന്നാലും, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടർമാർ വ്യക്തമാക്കി. വയനാട്ടിലെ എം.ആർ.എസ് സ്കൂളുകൾക്കും ഇടുക്കിയിലെ പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. നിലവിൽ ജില്ലയിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.