വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 19 ആയി ഉയർന്നു. രക്ഷാപ്രവർത്തനങ്ങൾ തീവ്രമാക്കുന്നതിനായി എൻഡിആർഎഫ് സംഘം മുണ്ടക്കൈയിൽ എത്തിച്ചേർന്നു. കോഴിക്കോട് നിന്ന് സൈന്യവും, മൂന്ന് കമ്പനി പോലീസും വയനാട്ടിലേക്ക് തിരിച്ചു. ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ ടീമും സ്ഥലത്തേക്ക് എത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാപ്രവർത്തനങ്ങൾക്ക് നിർദേശം നൽകി.
ഐജി നോർത്ത് സോൺ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എയർലിഫ്റ്റിംഗ് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ മുണ്ടക്കൈയിലേക്ക് എത്തും. നാല് എൻഡിആർഎഫ് സംഘമാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് തവണയാണ് മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. 400-ലധികം പേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. വെള്ളാർമല സ്കൂളും തകർന്നു.
ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. മുണ്ടക്കൈയും അട്ടമലയും ഒറ്റപ്പെട്ടു. മരിച്ചവരിൽ പിഞ്ചു കുട്ടികളും ഉൾപ്പെടുന്നു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ടൗണിൽ നിരവധി കടകൾ ഒലിച്ചുപോയി. പുഴ ഗതിമാറി ഒഴുകിയതായി സൂചനയുണ്ട്. ദുരന്തനിവാരണത്തിനായി കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
Story Highlights: Heavy landslide in Wayanad’s Mundakai results in 19 deaths, rescue operations intensify