കോഴിക്കോട്: ഇന്ത്യയിൽ ഏറ്റവും കൂടുൽ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് ഇപ്പോൾ കേരളം. കേരളത്തിലെ കോവിഡ് പ്രതിരോധത്തെ കുറിച്ചുള്ള ആരോപണങ്ങൾക്കും കേരളം എങ്ങനെ മൂന്നാം തരംഗത്തെ നേരിടുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വിശദീകരിക്കുന്നു.
രണ്ടാം തരംഗത്തിൽ നമുക്ക് രോഗികൾ കൂടുതലാണ്. 18 വയസ്സിന് മുകളിലുള്ളവരെ മുഴുവനായും വാക്സിനേറ്റ് ചെയ്യിപ്പിക്കുക എന്നതാണ് പ്രധാന ദൗത്യം. മൂന്നാം തരംഗം വരികയാണെങ്കിൽ അതിനെ നേരിടാൻ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമായിക്കൊണ്ടിരിക്കുന്നു.
അടിസ്ഥാന സൗകര്യ വികസനമാണ് മറ്റൊരു പ്രധാനപെട്ട കാര്യം. പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ കിട്ടാത്തതു കൊണ്ടുതന്നെ രോഗം വരാനുള്ള സാധ്യതയുണ്ട്. അതിനാൽ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങളാണ് കൂടുതലായും സജ്ജീകരിക്കുന്നത്.
പല ആശുപത്രികളിലും പീഡിയാട്രിക് ഐ.സി.യു. സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാ ജില്ലയിലും പീഡിയാട്രിക് വാർഡുകളും ഐ.സി.യുകളും സജ്ജീകരിക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. പലയിടത്തും പൂർത്തിയായി. മറ്റിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു.
ഓക്സിജൻ വിതരണമാണു ആണ് മറ്റൊരു കാര്യം. രണ്ടാം തരംഗത്തിൽ മെയ്, ജൂൺ മാസത്തിൽ തന്നെ 50 ബെഡുകളിൽ കൂടുതലുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിരുന്നു. കൂടാതെ, എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജിലും ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു. കൂടുതൽ സ്ഥലങ്ങളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്. മരുന്ന് സംഭരണം ഉൾപ്പടെയുള്ള കാര്യങ്ങളും നടക്കുന്നു.
അറുപത് വയസ്സു കഴിഞ്ഞവർക്കും കിടപ്പുരോഗികൾക്കുള്ള വാക്സിൻ വിതരണം ഏറെക്കുറെ പൂർത്തിയായി. ഇനി വാക്സിൻ എടുക്കാൻ വിമുഖത കാണിച്ചവരാണുള്ളത്. അവരെക്കൂടി പറഞ്ഞു മനസ്സിലാക്കി വാക്സിൻ നൽകാനുള്ള നടപടികൾ നടക്കുന്നു.
1.11 കോടി വാക്സിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ നിലപാടാണ് കേന്ദ്രം ഇക്കാര്യത്തിൽ സ്വീകരിച്ചത്. സെപ്തംബർ 30-ഓടെ നമ്മൾ ആവശ്യപ്പെട്ട അത്രയും വാക്സിൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത് കിട്ടിയാൽ സെപ്തംബർ 30-ഓടെ ആദ്യ ഡോസ് വാക്സിൻ നൂറ് ശതമാനം പൂർത്തിയാക്കാം.
18 വയസ്സിന് മുകളിലുള്ള 70 ശതമാനത്തിലധികം ആളുകൾക്ക് ഒന്നാം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ആകെ ജനസംഖ്യയുടെ 56 ശതമാനം ആളുകൾക്കാണ് വാക്സിൻ നൽകിയിട്ടുള്ളത്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.
അതുപോലെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരുടെ എണ്ണവും ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ്. വാക്സിനേഷൻ നിലവിൽ വളരെ മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സംസ്ഥാനമാണ് നമ്മുടേത്.
ഞായറാഴ്ച ലോക്ഡൗൺ എന്നത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂട്ടായെടുത്ത ഒരു എടുത്ത തീരുമാനമാണ്. ബ്രേക് ദി ചെയിനാണ് കേരളത്തിന്റെ പ്രധാന ലക്ഷ്യം. തുടർച്ചയായി ആളുകൾ പുറത്തിറങ്ങുന്നത് ബ്രേക് ചെയ്യുക എന്ന രീതിയിലാണ് നമ്മൾ അതിനെ കാണുന്നത്. ഇത് എത്രനാൾ തുടരും എങ്ങനെ മുന്നോട്ട് പോകും എന്നതൊക്കെ കോവിഡ് അവലോകന യോഗത്തിൽ സാഹചര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.
Story Highlight : health minister talking about covid situation in kerala.