മാന്ത്രിക ലോകത്തേക്ക് വീണ്ടും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുവാൻ ഹാരിപോട്ടർ എത്തുന്നു. ജെ.കെ. റൗളിംഗിന്റെ നോവൽ പരമ്പരയെ അടിസ്ഥാനമാക്കി എച്ച്ബിഒ നിർമ്മിക്കുന്ന ഹാരി പോട്ടർ ടിവി സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ഈ പരമ്പരയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിട്ടുണ്ട്. 2026 അവസാനത്തോടെയോ അല്ലെങ്കിൽ 2027 ആദ്യത്തോടെയോ ഹാരി പോട്ടർ HBO പരമ്പര റിലീസ് ചെയ്യാനാണ് സാധ്യത.
11 വയസ്സുകാരനായ ഡൊമിനിക് മക് ലൂഗ്ലിനാണ് ഹാരി പോട്ടറായി വേഷമിടുന്നത്. ഡൊമിനിക് മക് ലൂഗ്ലിന്റെ ഹാരി പോട്ടർ വേഷത്തിലുള്ള ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു കഴിഞ്ഞു. വാർണർ ബ്രദേഴ്സ് ഡിസ്കവറിയുടെ 2023 ഏപ്രിലിലെ പരിപാടിയിൽ ഈ പരമ്പര പ്രഖ്യാപിച്ചിരുന്നു. എച്ച്ബിഒയുടെ പ്ലാറ്റ്ഫോമിന്റെ ഭാഗമായാണ് പരമ്പര പുറത്തിറങ്ങുന്നത്.
പുറത്തുവന്ന ചിത്രത്തിൽ വട്ടക്കണ്ണടയും ഹോഗ് വാർട്സ് സ്കൂൾ യൂണിഫോമുമണിഞ്ഞാണ് മക് ലൂഗ്ലിനെ കാണാൻ സാധിക്കുന്നത്. മറ്റ് പ്രധാന കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹെർമിയോൺ ഗ്രാൻജറായി അറബെല്ല സ്റ്റാന്റണും, റോൺ വീസ്ലിയായി അലസ്റ്റയർ സ്റ്റൗട്ടും അഭിനയിക്കുന്നു. 30,000-ത്തിലധികം ആളുകളിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്.
സീരീസിൻ്റെ ആദ്യ ഭാഗം 2027-ൽ പുറത്തിറങ്ങും. HBO, മാക്സ് കണ്ടന്റ് ചെയർമാൻ കേസി ബ്ലോയ്സ് പറയുന്നതനുസരിച്ച് ഈ പരമ്പര യഥാർത്ഥ പുസ്തക പരമ്പരയ്ക്ക് അനുസൃതമായിരിക്കും. റൗളിങ്ങിന്റെ നോവലിനോട് പൂർണ്ണമായും നീതി പുലർത്തുമെന്നാണ് എച്ച്ബിഒയുടെ വാഗ്ദാനം. പരമ്പര പൂർത്തിയാകാൻ ഏകദേശം പത്ത് വർഷം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓരോ സീസണും സിനിമകളിൽ സാധ്യമല്ലാത്ത വിശദമായ കഥപറച്ചിൽ നൽകും. ഹാഡ്ഫോഡ് ഷെയറിലെ വാർണർ ബ്രോസ് സ്റ്റുഡിയോയിലാണ് സീരീസിൻ്റെ ചിത്രീകരണം നടക്കുന്നത്. എട്ട് ഹാരി പോട്ടർ സിനിമകളും ഇവിടെയാണ് ചിത്രീകരിച്ചത്. സിനിമയിലെ പ്രധാന അഭിനേതാക്കളൊന്നും ഈ പരമ്പരയിലേക്ക് തിരിച്ചുവരില്ല.
പുതിയ തലമുറയിലെ ആരാധകരെ പ്രതിഫലിപ്പിക്കുന്നതിനായി പുതിയ അഭിനേതാക്കളെ അവതരിപ്പിക്കും. കണ്ടു മനസിൽ പതിഞ്ഞ ഹാരിപോട്ടറിനും ഡംബിൾഡോറിനുമൊക്കെ പകരമായി എത്തുന്നവരെ ആളുകൾ സ്വീകരിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം. സ്ട്രീമിംഗ് സേവന പുനഃസംഘടനയെത്തുടർന്ന് ഇപ്പോൾ HBO പ്ലാറ്റ്ഫോമിന്റെ ഭാഗമാണ് ഈ സീരീസ്.
Story Highlights: ജെകെ റൗളിംഗിന്റെ നോവൽ പരമ്പരയെ ആധാരമാക്കി എച്ച്ബിഒ നിർമ്മിക്കുന്ന ഹാരി പോട്ടർ ടിവി സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു, 2026 അവസാനത്തോടെയോ 2027 ആദ്യത്തോടെയോ പരമ്പര റിലീസ് ചെയ്യും.