ഹംപിയിലെ കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിക്കായുള്ള അന്വേഷണം കർണാടക പോലീസ് ഊർജിതമാക്കി. ഗംഗാവതി സ്വദേശിയായ ഒരു നിർമ്മാണത്തൊഴിലാളിയാണ് ഒളിവിലുള്ള മൂന്നാം പ്രതി. കേസിലെ മറ്റ് രണ്ട് പ്രതികളായ ഗംഗാവതി സായ് നഗറിലെ സായ് മല്ലുവിനെയും ചേതൻ സായിനെയും കൊപ്പൽ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്മാരെ ആക്രമിച്ച് കനാലിൽ തള്ളിയ ശേഷമാണ് യുവതികളെ പീഡിപ്പിച്ചത്.
ഹോംസ്റ്റേ ഉടമയായ 29-കാരിയും ഇസ്രായേൽ സ്വദേശിനിയായ 27-കാരിയായ വിനോദസഞ്ചാരിയുമാണ് കൂട്ടബലാത്സംഗത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി തുംഗഭദ്രയിലെ കനാൽ തീരത്ത് നക്ഷത്രനിരീക്ഷണത്തിനായി പോയപ്പോഴാണ് സംഭവം. പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ആക്രമണമുണ്ടായത്.
പെട്രോൾ എവിടെ കിട്ടുമെന്ന് ചോദിച്ചെത്തിയ മൂന്ന് ബൈക്ക് യാത്രികർ വിദേശ വനിതയോട് നൂറ് രൂപ ആവശ്യപ്പെട്ടു. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തെന്നും കൂടെയുണ്ടായിരുന്നവരെ ആക്രമിച്ചെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പീഡനത്തിനിരയായ യുവതികൾ ചികിത്സയിലാണ്.
കനാലിൽ വീണ ഒഡിഷ സ്വദേശി ബിബാഷ് മുങ്ങിമരിച്ചു. സ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുഎസ് പൗരൻ ഡാനിയേലും മഹാരാഷ്ട്ര സ്വദേശി പങ്കജും നീന്തി രക്ഷപ്പെട്ടു. ഒഡിഷ സ്വദേശിയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.
ഹോംസ്റ്റേ ഉടമയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മൂന്നാമത്തെ പ്രതിക്കായി തെരച്ചിൽ നടത്തുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Story Highlights: Three men assaulted and gang-raped two women in Hampi, Karnataka, leading to the death of one man who was with the victims.