ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിനും ഗോപാൽ പൂരിനും ഇടയ്ക്ക് ഗുലാബ് ചുഴലികാറ്റ് കര തൊട്ടതായി റിപ്പോർട്ട്. നിലവിൽ പുറം മേഘങ്ങൾ മാത്രമാണ് തീരം തൊട്ടതെന്നാണ് സൂചന.
അടുത്ത മണിക്കൂറുകളിൽ ചുഴലികാറ്റ് പൂർണ്ണമായി തീരം തൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഗുലാബ് ചുഴലിക്കാറ്റ് മണിക്കൂറിൽ 95 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്നാണ് സൂചന.
നിലവിൽ ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ ആർമി, വ്യോമ, ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്.
ഒഡീഷയിൽ ബീച്ചുകൾ അടയ്ക്കുകയും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഉത്തരേന്ത്യയിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമെല്ലാം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തി.
സംസ്ഥാനങ്ങൾക്ക് എല്ലാത്തരം സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തു.
ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ അടുത്ത ചൊവ്വാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചുഴലിക്കാറ്റിനെ തുടർന്ന് കേരളതീരത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൂടാതെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.തുടർന്ന് പാലക്കാട്,ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: Gulab Cyclone enters Andhra Pradesh