സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കരട് മാർഗരേഖ പുറത്തുവിട്ടു.
അന്തിമ മാർഗ്ഗരേഖ അഞ്ചുദിവസത്തിനുള്ളിൽ എത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് സ്കൂൾ തല യോഗവും പിടിഎ യോഗവും കളക്ടർമാരുടെ യോഗവും വിളിച്ചു ചേർക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശ ഗതാഗത വകുപ്പുകളുമായി കൂടിയാലോചിച്ചതിനുശേഷം ആയിരിക്കും തീരുമാനം എടുക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ക്ലാസ് മുറികളിലെ ഒരു ബെഞ്ചിൽ പരമാവധി രണ്ടു കുട്ടികളെ മാത്രമായിരിക്കും അനുവദിക്കുക. യൂണിഫോം നിർബന്ധമല്ല. ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ് നൽകും. സ്കൂൾ പരിസരത്ത് നിന്നുള്ള ബേക്കറികളിൽ നിന്നും ഭക്ഷണം കഴിക്കുന്നത് അനുവദനീയമല്ല.
ആദ്യഘട്ടത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾ സ്കൂളിൽ എത്തേണ്ടതില്ല. രക്ഷിതാക്കൾക്ക് ഓൺലൈനായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. രക്ഷിതാവിന്റെ സമ്മതത്തോടുകൂടി മാത്രമായിരിക്കും കുട്ടികളെ ക്ലാസുകളിൽ പ്രവേശിപ്പിക്കുക.
സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കും. കുട്ടികളെ കൂട്ടം കൂടാൻ അനുവദിക്കില്ല. ശരീര ഊഷ്മാവ് പരിശോധിക്കും. ചെറിയ പനിയുണ്ടെങ്കിൽ പോലും കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് നിർദേശമുണ്ട്.
സിലബസ് പരിഷ്കരിക്കാനായി പുതിയ കരിക്കുലം കമ്മിറ്റിയെ നിയോഗിക്കും. ഓട്ടോറിക്ഷയിൽ രണ്ടു കുട്ടികളിൽ അധികം കൊണ്ടുവരാൻ പാടില്ല. സമാന്തരമായ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും. വിക്ടേഴ്സ് കൂടാതെ പുതിയ ചാനൽ തുടങ്ങുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Guidelines for School Re-Opening