തിരുവനന്തപുരം പേട്ട പൊലീസിന്റെ ഗുരുതര അനാസ്ഥയെ തുടർന്ന് സഹോദരന്റെ മരണത്തിൽ നീതി തേടി അതിഥി തൊഴിലാളി മൂന്നുമാസം പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങി. അസം സ്വദേശിയായ അനാറുൽ ഇസ്ലാമിന്റെ കരഞ്ഞുകൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചത്. സഹോദരൻ ആലം അലിയെ കൊലപ്പെടുത്തിയതാണെന്ന് അനാറുൽ ഇസ്ലാം ട്വന്റി ഫോറിനോട് പറഞ്ഞു.
കൊച്ചുവേളി റെയില്വേ സ്റ്റേഷനു സമീപം ആലം അലി ട്രെയിനിടിച്ചു മരിച്ചതാണെന്ന് പൊലീസ് ഉറപ്പിച്ചുപറയുന്നു. എന്നാൽ സഹോദരൻ ജോലിചെയ്തിരുന്ന സ്ഥലത്തെ കടയുടമ മർദ്ധിച്ചതായും മരിക്കുന്നതിന് തൊട്ട് മുൻപ് തന്നോട് ഫോണിൽ സംസാരിച്ച് റെയിൽവെ സ്റ്റേഷനിലേക്ക് റോഡിലൂടെ നടന്നു പോയ സഹോദരൻ എങ്ങനെ ട്രെയിൻ തട്ടി മരിക്കുമെന്നുമാണ് അനാറുലിന്റെ ചോദ്യം. സഹോദരനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ചില ശബ്ദങ്ങൾ കേട്ടെന്നും പിന്നീട് താൻ അറിയുന്നത് സഹോദരന്റെ മരണവാർത്തയാണെന്നും അനാറുൽ ഇസ്ലാം വ്യക്തമാക്കി.
കടയിൽ ഷവർമ എക്സ്പെർട്ടായി ജോലിചെയ്തിരുന്ന ആലം അലിയോട് കടയുടമ ടേബിൾ കൂടി വൃത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം നിഷേധിച്ച ആലമിനെ കടയുടമ മർദിക്കുകയായിരുന്നു. മരിക്കും മുൻപ് ആലം അലി ജോലി ചെയ്തിരുന്ന ഹോട്ടൽ ഉടമയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നിസംഗ സമീപനമാണ് സ്വീകരിച്ചത്. സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോൾ രേഖകളും പരിശോധിച്ച് വ്യക്തത വരുത്തണമെന്നാണ് സഹോദരന്റെ ആവശ്യം. മൂന്നുമാസം മുൻപ് കൊച്ചുവേളിയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആലം അലിയുടെ മരണത്തെക്കുറിച്ച് പൊലീസ് എടുത്ത എഫ്ഐആറിൽ ട്രെയിൻ തട്ടി മരിച്ചെന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Story Highlights: Guest worker seeks justice for brother’s death, alleges police negligence in Thiruvananthapuram