കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എസ്എഫ്ഐക്കെതിരെ വീണ്ടും രൂക്ഷമായ വിമർശനം ഉന്നയിച്ചു. എസ്എഫ്ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങൾ ചോദിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. സമരം ചെയ്യാനുള്ള അവകാശം എസ്എഫ്ഐക്കുണ്ടെങ്കിലും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും, അത്തരം ക്രിമിനലുകളെ നേരിടാൻ തയാറാണെന്നും ഗവർണർ വ്യക്തമാക്കി.
യൂണിവേഴ്സിറ്റി ചട്ടങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഗവർണർ പറഞ്ഞു. അക്രമങ്ങളിൽ ഏർപ്പെടുന്ന സംഘടനയിലെ അംഗങ്ങളെ സെനറ്റിലേക്ക് നാമനിർദേശം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐയെ ഭയപ്പെടുന്നില്ലെന്നും, ക്യാംപസിനുള്ളിൽ നിയമലംഘനം അനുവദിക്കരുതെന്ന് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
എസ്എഫ്ഐക്കെതിരായ ആരോപണങ്ങളിൽ സിപിഐഎമ്മും സിപിഐയും തമ്മിൽ വാക്പോര് തുടരുകയാണ്. എസ്എഫ്ഐ തിരുത്തണമെന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ ബിനോയ് വിശ്വം വീഴരുതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അഭിപ്രായപ്പെട്ടു. എന്നാൽ തിരുത്തണമെന്ന നിലപാട് എസ്എഫ്ഐയെ ശക്തിപ്പെടുത്താനാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.