നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിലെ ദുരൂഹതകൾ നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കല്ലറ നാളെ പൊളിച്ചു പരിശോധിക്കും. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ജില്ലാ ഭരണകൂടം ഈ നടപടി സ്വീകരിക്കുന്നത്. സബ് കലക്ടറുടെ സാന്നിധ്യത്തിലായിരിക്കും കല്ലറ തുറക്കൽ നടപടികൾ. കല്ലറയ്ക്ക് 200 മീറ്റർ ചുറ്റളവിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പോലീസിന്റെ അന്വേഷണത്തിന് നിർണായകമായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കല്ലറ തുറക്കുന്നത്. ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.
കല്ലറ തുറക്കാനുള്ള അധികാരം പോലീസിനുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചു. സ്വാഭാവിക മരണമെങ്കിൽ കുടുംബത്തിന് എന്തിനാണ് പേടിയെന്നും കോടതി ചോദിച്ചു.
ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ പ്രതികരിച്ചു. കല്ലറ പൊളിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാദം തുടങ്ങിയപ്പോൾ തന്നെ ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം.
മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാൻ കല്ലറ പൊളിക്കണമെന്ന് കോടതി നിരീക്ഷിച്ചു. ഇതുവരെ മരണ സർട്ടിഫിക്കറ്റ് എടുത്തിട്ടില്ലെന്നും മകൻ സനന്ദൻ വ്യക്തമാക്കി. കല്ലറ പൊളിച്ചു പരിശോധിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി.
Story Highlights: Gopan Swamy’s grave will be opened and inspected tomorrow following a High Court directive.