ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനി ലൈവിൽ മലയാളം ഉൾപ്പെടെ 9 ഇന്ത്യൻ ഭാഷകൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു. ‘ഗൂഗിൾ ഫോർ ഇന്ത്യ 2024’ എന്ന പരിപാടിയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നീ ഭാഷകളാണ് ഇപ്പോൾ ജെമിനിയിൽ ലഭ്യമാകുന്നത്. ഇനി മുതൽ ഈ ഭാഷകൾ തിരിച്ചറിയാനും മറുപടി നൽകാനും ജെമിനി ലൈവിന് കഴിയും.
ജെമിനി അഡ്വാൻസ്ഡ് പതിപ്പ് ഉപയോഗിക്കുന്നവർക്കാണ് ആദ്യം ജെമിനൈ ലൈവ് ഫീച്ചർ ലഭിച്ചിരുന്നത്. എന്നാൽ അടുത്തിടെ ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് 10 ഭാഷകൾ ലഭ്യമായിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ ഇന്ത്യൻ ഭാഷകൾ കൂടി ലഭ്യമാകുന്നത്. ജെമിനി ഉപഭോക്താക്കളിൽ 40 ശതമാനം പേർ വോയ്സ് ഫീച്ചർ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ ഭാഷകൾ എത്തുന്നതോടെ സാധാരണക്കാർക്ക് കൂടുതൽ എഐ ഫീച്ചറിന്റെ പ്രയോജനം ലഭിക്കും.
പുതിയ ഭാഷകൾ എല്ലാ ഉപഭോക്താക്കളിലേക്കും എത്താൻ ആഴ്ചകൾ വേണ്ടിവരും. എന്നാൽ തെലുങ്ക്, തമിഴ് എന്നീ ഭാഷകൾ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ജെമിനി ആപ്പ് അപ്ഡേറ്റ് ചെയ്യാം. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സ്ക്രീനിന്റെ വലതുവശത്ത് മൈക്രോഫോൺ, ക്യാമറ ഐക്കണുകൾക്ക് സമീപം ഒരു വേവ്ഫോം ഐക്കൺ കാണാം. ഇത് ടാപ്പ് ചെയ്ത് Gemini Live സജീവമാക്കി AI-യുമായി ശബ്ദ സംഭാഷണം നടത്താവുന്നതാണ്. ജെമിനിയുടെ എതിരാളിയായ ഓപ്പൺ എഐയിലും വോയ്സ് ഫീച്ചർ ലഭ്യമാണെങ്കിലും ഇന്ത്യൻ ഭാഷകൾ ലഭിക്കില്ല.
Story Highlights: Google’s AI chatbot Gemini Live now supports 9 Indian languages including Malayalam