ഗൂഗിളിന്റെ ജെമിനി എ.ഐ. മോഡലിനെ പരിശീലിപ്പിക്കുന്നതിന് ഉപഭോക്താക്കളുടെ ജിമെയിൽ വിവരങ്ങൾ ഉപയോഗിക്കുന്നു എന്ന ആരോപണത്തിൽ പ്രതികരണവുമായി ഗൂഗിൾ രംഗത്ത്. ജിമെയിൽ വിവരങ്ങൾ ഉപയോഗിക്കുന്നില്ലെന്നും, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഗൂഗിൾ അറിയിച്ചു.
മാൽവെയർബൈറ്റ്സിന്റെ റിപ്പോർട്ടിലാണ്, ജിമെയിലിലെ സ്വകാര്യ സന്ദേശങ്ങളും അറ്റാച്ച്മെന്റുകളും എ.ഐ.യെ പരിശീലിപ്പിക്കാനായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ഉയർന്നുവന്നത്. ഇതിലേക്ക് ആക്സസ് നൽകുന്ന ഓപ്ഷനുകൾ ഡിഫോൾട്ടായി ഓൺ ആക്കിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ടിന് മറുപടിയായാണ് ഗൂഗിൾ എക്സിലൂടെ പ്രതികരിച്ചത്.
ഗൂഗിൾ അവരുടെ ഔദ്യോഗിക എക്സ് പ്രൊഫൈലിലൂടെ നവംബർ 22-നാണ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ജെമിനി എ.ഐ. മോഡലിനെ പരിശീലിപ്പിക്കാൻ ഉപഭോക്താക്കളുടെ ജിമെയിൽ വിവരങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി. ജിമെയിൽ സ്മാർട്ട് ഫീച്ചറുകൾ വർഷങ്ങളായി നിലവിലുള്ളതാണെന്നും, ആരുടെയും സെറ്റിങ്സിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു.
ഗൂഗിളിന്റെ വിശദീകരണത്തിൽ പല നെറ്റിസൺസും തൃപ്തരല്ല. പല ഉപയോക്താക്കളും ഗൂഗിളിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ജിമെയിലിനെ ആളുകൾ വെറുക്കുന്നു എന്ന് വരെ കമന്റുകൾ വന്നിട്ടുണ്ട്.
എല്ലാ ഇപ്പോളും സുതാര്യവും വ്യക്തവുമായാണ് നയങ്ങൾ മാറ്റുന്നതെന്നും ഗൂഗിൾ എക്സ് പോസ്റ്റിൽ പറയുന്നു. ഇ.യുവിൽ കേസ് എടുക്കാതിരിക്കാൻ വേണ്ടിയാണ് ഇപ്പോളുള്ള വിശദീകരണമെന്നും ചിലർ പറയുന്നു.
വസ്തുതകൾ വിശ്വസിക്കാൻ തെളിവുകളാണ് ആവശ്യമെന്നും, ഒരു പോസ്റ്റല്ല വേണ്ടതെന്നുമാണ് മറ്റു ചിലരുടെ പ്രതികരണം. ഗൂഗിളിന്റെ ഈ വിശദീകരണം ആരും വിശ്വസിക്കുന്നില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു.
Story Highlights: ഗൂഗിളിന്റെ ജെമിനി എ.ഐ. മോഡലിനെ പരിശീലിപ്പിക്കുന്നതിന് ജിമെയിൽ വിവരങ്ങൾ ഉപയോഗിക്കുന്നു എന്ന ആരോപണത്തിൽ ഗൂഗിൾ പ്രതികരിച്ചു.



















