സംസ്ഥാനത്തെ സ്വർണവിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില 240 രൂപ കുറഞ്ഞ് 53,440 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് 6680 രൂപയാണ് ഇപ്പോഴത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു.
ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 6710 രൂപയും പവന് 53,680 രൂപയുമായിരുന്നു നിരക്ക്. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വർണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും 6% ആക്കി കുറച്ചതോടെ കേരളത്തിലേക്കുള്ള രാജ്യാന്തര കള്ളക്കടത്ത് വലിയതോതിൽ കുറഞ്ഞതായി ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ അറിയിച്ചു. ഇതോടെ യുഎഇ പോലുള്ള രാജ്യങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വളരെ കുറവ് വന്നിട്ടുണ്ട്. ദുബായിലെ സ്വർണ്ണ വ്യാപാരത്തിൽ 20% ത്തിലധികം ഇടിവ് വന്നതായി വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Story Highlights: Gold prices have fallen in Kerala, with one sovereign now priced at Rs 53,440