സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് പത്ത് രൂപ വീതം കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 6660 രൂപയായി. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവോടെ 53,280 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഇന്നലെ ഒരു പവൻ സ്വർണത്തിന് 53,360 രൂപയും ഗ്രാമിന് 6670 രൂപയുമായിരുന്നു വില.
ഈ മാസം മാത്രം പവന് 1,760 രൂപയാണ് കൂടിയത്. രാജ്യാന്തര തലത്തിൽ സ്വർണത്തിന് വില ഉയർന്നതാണ് സംസ്ഥാനത്തും വില തുടർച്ചയായി ഉയരാൻ കാരണമായത്. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു.
കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ 4500 രൂപയോളം ഇടിവ് ഉണ്ടായി. പിന്നീട് സ്വർണവില തിരിച്ചുകയറി പത്തുദിവസത്തിനിടെ 2500ലധികം രൂപ വർധിച്ച് വീണ്ടും 53,000ന് മുകളിൽ എത്തി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്. ദിവസങ്ങളായി കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരുന്ന സ്വർണവിലയിലാണ് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
Story Highlights: Gold price in Kerala drops slightly on August 20, 2023