സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6770 രൂപയായി. ഒരു പവൻ സ്വർണത്തിന് 54,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 5 രൂപയുടെ കുറവുണ്ടായി, ഇതോടെ അതിന്റെ വില 5625 രൂപയായി.
തുടർച്ചയായ ഇടിവിനും അവധി ദിവസത്തിനും ശേഷം വീണ്ടും സ്വർണവില താഴേക്കിറങ്ങുകയാണ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 760 രൂപയുടെ ഇടിവാണ് ഒരു പവൻ സ്വർണവിലയിൽ ഉണ്ടായത്. 55,000 രൂപ കടന്ന് മുന്നേറ്റം തുടരുന്നതിനിടെയാണ് വില ഇടിഞ്ഞ് താഴേക്ക് വന്നത്. അന്താരാഷ്ട്ര തലത്തിലെ ട്രെൻഡുകളാണ് വില ഇടിയാൻ കാരണമായിരിക്കുന്നത്.
ഈ മാസം 17ന് ഒറ്റയടിയ്ക്ക് 720 രൂപ പവന് വർധിച്ച് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ബുധനാഴ്ച 55,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില, അപ്പോൾ ഒരു ഗ്രാം സ്വർണത്തിന്റെ വില 6875 രൂപയായിരുന്നു. നന്നായി ഉയർന്ന് മുന്നേറിയ സ്വർണവിലയിൽ കഴിഞ്ഞ മൂന്ന് ദിവസവും കുറവ് രേഖപ്പെടുത്തിയിരുന്നു.