സംസ്ഥാനത്തെ സ്വർണവില വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. ഒരു ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 6815 രൂപയും ഒരു പവന് 54,520 രൂപയുമാണ് വില. ഈ മാസത്തിന്റെ തുടക്കത്തിൽ 53,000 രൂപയായിരുന്ന സ്വർണവില, ബുധനാഴ്ച 55,000 രൂപയിലെത്തിയിരുന്നു.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഒറ്റയടിക്ക് 720 രൂപ വർധിച്ച് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് 6875 രൂപയായിരുന്നു വില. മെയ് 20-ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ റെക്കോർഡ് തകർത്തിരുന്നു.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 55,000 കടന്നതിന് ശേഷമാണ് ഇപ്പോൾ വില തിരിച്ചിറങ്ങുന്നത്. സ്വർണവിലയിലെ ഈ ഏറ്റക്കുറച്ചിലുകൾ വിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.