◾ സ്വർണം അലിയിക്കുന്ന പൂപ്പൽ എന്ന കൗതുകകരമായ കണ്ടെത്തലുമായി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ രംഗത്ത്. ഫ്യൂസേറിയം ഓക്സിസ്പോറം (Fusarium oxysporum) എന്നറിയപ്പെടുന്ന ഈ പൂപ്പൽ സ്വർണ്ണത്തെ ലയിപ്പിക്കാൻ കഴിവുള്ളതാണെന്ന് അവർ കണ്ടെത്തി. ഈ കണ്ടെത്തൽ സ്വർണ്ണത്തിന്റെ രസതന്ത്രത്തെയും സൂക്ഷ്മജീവികളുമായുള്ള അതിന്റെ പ്രതിപ്രവർത്തനങ്ങളെയും കുറിച്ചുള്ള പുതിയ അറിവുകൾ നൽകുന്നു.
ശാസ്ത്രജ്ഞർ ഇതുവരെ വിശ്വസിച്ചിരുന്നത് സ്വർണ്ണത്തിന്റെ മാറ്റങ്ങൾക്ക് പിന്നിൽ ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കളാണെന്നാണ്. എന്നാൽ ഓസ്ട്രേലിയയിൽ നിന്നുള്ള പുതിയ പഠനം ഈ ധാരണ തിരുത്തുകയാണ്. സാധാരണയായി നമ്മുടെ തൊടികളിൽ കാണുന്ന ഫ്യൂസേറിയം ഓക്സിസ്പോറം എന്ന പൂപ്പലിന് സ്വർണ്ണം ലയിപ്പിക്കാൻ കഴിയും. അച്ചാറിന് മുകളിലോ പഴകിയ റൊട്ടിയിലോ മാത്രം കാണുന്നവരല്ല പൂപ്പലുകൾ, അവ പാറകളെ പൊടിക്കാനും മണ്ണിലെ ജൈവാംശങ്ങളെ വിഘടിപ്പിക്കാനും കഴിവുള്ളവരാണ്.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ സ്വർണ്ണ നിക്ഷേപം കൂടുതലുള്ള ഗോൾഡൻ ട്രയാംഗിൾ ഗോൾഡ് പ്രോസ്പെക്ട്, ബോഡിംഗ്ടൺ പ്രദേശത്തെ മണ്ണിൽ നിന്നാണ് ഗവേഷകർ ഈ പൂപ്പലിനെ വേർതിരിച്ചെടുത്തത്. ലോഹരൂപത്തിലുള്ള സ്വർണ്ണത്തെ ഓക്സീകരിച്ച് അയോൺ രൂപത്തിലാക്കാൻ ഈ പൂപ്പലിന് കഴിയും. സാധാരണയായി സ്വർണ്ണം പോലെ പ്രതികരണശേഷി കുറഞ്ഞ ഒരു ലോഹത്തെ ഭൗമോപരിതലത്തിലെ സാഹചര്യങ്ങളിൽ ലയിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
പൂപ്പൽ വളർന്ന ഭാഗത്തിന് ചുറ്റുമുള്ള സ്വർണ്ണം അപ്രത്യക്ഷമായി ഒരു വലയം രൂപപ്പെട്ടത് ലബോറട്ടറിയിൽ കണ്ട അത്ഭുതകരമായ കാഴ്ചയായിരുന്നു. ലബോറട്ടറിയിൽ സ്വർണ്ണത്തരികൾ ചേർത്ത ഒരു പ്ലേറ്റിൽ (PYG agar) ഈ പൂപ്പലിനെ വളർത്തിയാണ് ഇത് കണ്ടെത്തിയത്. പൂപ്പൽ സ്വർണ്ണത്തെ അലിയിച്ചു കളഞ്ഞതുപോലെ ആ പ്രദേശം കാണപ്പെട്ടു. എക്സ്-റേ ഫോട്ടോഇലക്ട്രോൺ സ്പെക്ട്രോസ്കോപ്പി (XPS), ലേസർ അബ്ലേഷൻ ഇൻഡക്റ്റീവ്ലി കപ്പിൾഡ് പ്ലാസ്മ മാസ് സ്പെക്ട്രോമെട്രി (LA-ICP-MS) തുടങ്ങിയ അത്യാധുനിക വിശകലന രീതികളിലൂടെ ഈ കണ്ടെത്തൽ സ്ഥിരീകരിച്ചു.
പൂപ്പൽ സ്വർണ്ണത്തെ ചലിപ്പിക്കുകയും അതിന്റെ രാസരൂപത്തിന് മാറ്റം വരുത്തുകയും ചെയ്യുന്നു എന്ന് ഈ പരീക്ഷണങ്ങൾ തെളിയിച്ചു. പൂപ്പൽ എങ്ങനെയാണ് സ്വർണ്ണത്തെ ലയിപ്പിക്കുന്നതെന്ന കൃത്യമായ ഉത്തരം കണ്ടെത്താൻ ഇനിയും പഠനങ്ങൾ ആവശ്യമാണ്. പൂപ്പലുകൾ ‘സൂപ്പർഓക്സൈഡ്’ (O2−) പോലെയുള്ള ശക്തമായ രാസവസ്തുക്കൾ പുറത്തുവിടുന്നത് സ്വർണ്ണത്തെ ആക്രമിക്കാൻ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. അതുപോലെ സ്വർണ്ണം ലയിച്ചു കഴിഞ്ഞാൽ പഴയപടി കട്ടിയാകാതെ ലായനിരൂപത്തിൽ നിർത്താൻ പൂപ്പലുകൾ ചില പ്രത്യേക തന്മാത്രകൾ പുറത്തുവിടുന്നുണ്ടാകാം.
പൂപ്പലിന്റെ പ്രതലത്തിൽ നാനോമീറ്റർ വലിപ്പമുള്ള സ്വർണ്ണത്തരികൾ പറ്റിപ്പിടിച്ചിരിക്കുന്നതായും സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ്പിയിൽ (SEM) കണ്ടെത്തിയിട്ടുണ്ട്. സൈക്ലിക് വോൾട്ടാമെട്രി (Cyclic voltammetry) പരീക്ഷണങ്ങൾ പൂപ്പലും സ്വർണ്ണവും തമ്മിൽ ഇലക്ട്രോണുകൾ കൈമാറ്റം ചെയ്യുന്ന ഒരു പ്രക്രിയ നടക്കുന്നുണ്ടെന്ന സൂചന നൽകുന്നു. സ്വർണ്ണത്തിന്റെ സാന്നിധ്യം പൂപ്പലിന്റെ വളർച്ചയെ സഹായിക്കുന്നുണ്ടോയെന്നും ശാസ്ത്രജ്ഞർ സംശയിക്കുന്നു. സൂക്രോസ് പോലുള്ള ചില പ്രത്യേക ഭക്ഷണങ്ങൾ ലഭ്യമാക്കിയപ്പോൾ സ്വർണ്ണത്തിന്റെ സാന്നിധ്യം പൂപ്പലിന്റെ വളർച്ചയെ സഹായിച്ചു എന്ന് കണ്ടെത്തി.
സ്വർണ്ണ നിക്ഷേപമുള്ള പ്രദേശത്ത്, മണ്ണിലെ സ്വർണ്ണത്തിന്റെ അളവ് കൂടുന്തോറും പൂപ്പലുകളുടെ വൈവിധ്യവും കൂടുന്നതായി പഠനത്തിൽ കണ്ടെത്തി. എന്നാൽ ബാക്ടീരിയകളുടെ വൈവിധ്യവും സ്വർണ്ണത്തിന്റെ അളവും തമ്മിൽ കാര്യമായ ബന്ധമൊന്നും കണ്ടില്ല. സ്വർണം കൂടുതലുള്ള മണ്ണിലെ പരിസ്ഥിതി വ്യവസ്ഥയിൽ പൂപ്പലുകൾക്ക് ബാക്ടീരിയകളെക്കാൾ പ്രധാനപ്പെട്ട പങ്കുണ്ട് എന്ന് ഇത് സൂചിപ്പിക്കുന്നു. സ്വർണ്ണത്തെ ഓക്സീകരിക്കുന്ന ‘ഫ്യൂസേറിയം’ ഉൾപ്പെടുന്ന ‘ഹൈപ്പോക്രിയേൽസ്’ (Hypocreales) എന്ന പൂപ്പൽ വിഭാഗം സ്വർണ്ണ മണ്ണിലെ സൂക്ഷ്മാണു സമൂഹത്തിൽ വളരെ പ്രധാനപ്പെട്ടതാണ് എന്നും കണ്ടെത്തി.
Story Highlights: ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞർ ഫ്യൂസേറിയം ഓക്സിസ്പോറം എന്ന പൂപ്പൽ സ്വർണ്ണം അലിയിക്കാൻ കഴിവുള്ളതാണെന്ന് കണ്ടെത്തി.