വ്യവസായ പ്രമുഖൻ ഗോകുലം ഗോപാലന് എൺപതാം പിറന്നാൾ: മനുഷ്യസ്നേഹത്തിന്റെയും വിജയത്തിന്റെയും പ്രതീകം

Anjana

വ്യവസായ പ്രമുഖനും ഫ്‌ളവേഴ്‌സ് ചെയർമാനുമായ ഗോകുലം ഗോപാലന് ഇന്ന് എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ്. ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന വിശാലമായ ബിസിനസ് സാമ്രാജ്യത്തിന്റെ നേതൃത്വം വഹിക്കുമ്പോഴും, മനുഷ്യസ്നേഹത്തിന്റെയും വിനയത്തിന്റെയും പ്രതീകമായാണ് അദ്ദേഹം അറിയപ്പെടുന്നത്. ലക്ഷ്യബോധത്തോടെയും ആത്മസമർപ്പണത്തോടെയും പ്രവർത്തിക്കുന്ന അപൂർവ്വം കർമ്മധീരന്മാരിൽ ഒരാളാണ് ഗോകുലം ഗോപാലൻ. അരനൂറ്റാണ്ടിലേറെയായി കേരളത്തിനകത്തും പുറത്തും വ്യവസായ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, വിശ്വാസത്തിന്റെ പര്യായമായി മാറിയിരിക്കുന്നു.

1944 ജൂലൈ 23-ന് കോഴിക്കോട് വടകരയിൽ ചാത്തു-മാതു ദമ്പതികളുടെ മകനായി ജനിച്ച എ എം ഗോപാലൻ, പിന്നീട് ഗോകുലം ഗോപാലൻ എന്ന പേരിൽ പ്രസിദ്ധനായി. അച്ഛന്റെ ചിട്ടി ബിസിനസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട അദ്ദേഹം, 1968-ൽ ചെന്നൈയിൽ ശ്രീഗോകുലം ചിറ്റ്സ് ആൻഡ് ഫൈനാൻസ് ആരംഭിച്ചു. ഈ സംരംഭം പിന്നീട് ബിസിനസ്, ഹോസ്പിറ്റാലിറ്റി, വിനോദം, ടൂറിസം, മാധ്യമം, വിദ്യാഭ്യാസം, ലോജിസ്റ്റിക്, സിനിമ തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ചു, ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന വിശാലമായ സാമ്രാജ്യമായി വളർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൺപതാം വയസ്സിലും കർമ്മോത്സുകനായി മുന്നോട്ട് കുതിക്കുന്ന ഗോകുലം ഗോപാലൻ, തന്റെ ജന്മദിനം സ്റ്റാഫ് ഡേ ആയി ആചരിക്കുന്നതിലൂടെ ജീവനക്കാരോടുള്ള സ്നേഹവും ആദരവും പ്രകടമാക്കുന്നു. കഠിനാധ്വാനവും ആത്മസമർപ്പണവും കൊണ്ട് വെട്ടിത്തെളിച്ച വിജയപാതകൾ മറ്റുള്ളവർക്ക് പ്രചോദനമാകുന്നു. ജീവകാരുണ്യ പ്രവർത്തനങ്ളിലും സജീവമായ ഈ കർമ്മയോഗി, അർപ്പണബോധവും സാമൂഹ്യനന്മയ്ക്കായുള്ള അചഞ്ചലമായ പ്രതിബദ്ധതയും കൊണ്ട് തന്റെ യാത്ര തുടരുകയാണ്.