സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ 28 വർഷങ്ങൾക്ക് മുൻപുള്ള പാർട്ടി നടപടിയിലെ ചതിയെക്കുറിച്ച് തുറന്നു പറഞ്ഞു. സിപിഐഎം മുൻ എംപി ടിജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. 1996ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിഎസ് സുജാതയുടെ തോൽവിയിലായിരുന്നു നടപടി. തന്നെ അധ്യക്ഷനാക്കി തന്നോട് പറയാതെയാണ് അജണ്ട ചർച്ചക്ക് വെച്ചതെന്നും സുജാതയുടെ തോൽവിയിൽ ബോധപൂർവ്വം പ്രവർത്തിച്ചു എന്നാരോപിച്ച കള്ള റിപ്പോർട്ടിലൂടെയാണ് ആഞ്ചലോസിനെ പുറത്താക്കിയതെന്നും സുധാകരൻ പറഞ്ഞു.
അന്നത്തെ സംഭവം തന്റെ ജീവിതത്തിലെ വലിയ തിരിച്ചടിയായിരുന്നെന്നും അത് വല്ലാത്ത ഹൃദയവേദനയുണ്ടാക്കിയെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടി അന്ന് ചെയ്യാൻ പാടില്ലാത്തത് ചെയ്തുവെന്നും തന്നെ ചതിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സിപിഐ ജില്ലാ സെക്രട്ടറിയായ ആഞ്ചലോസിനെ സിപിഐഎം പുറത്താക്കിയതുകൊണ്ട് സിപിഐക്ക് നല്ല സെക്രട്ടറിയെ ലഭിച്ചെന്നും സുധാകരൻ പറഞ്ഞു. ആര്യാട് നടന്ന സിപിഐയുടെ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
സർക്കാരിനെതിരെയും ജി സുധാകരൻ പരോക്ഷ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണ് സർക്കാരിന്റെ തുടർച്ചക്ക് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പണം കണ്ടെത്താൻ ധനകാര്യവകുപ്പും താനും നടത്തിയ പോരാട്ടത്തെക്കുറിച്ചും സുധാകരൻ പറഞ്ഞു. കിഫ്ബിയിൽ നിന്ന് മാത്രമല്ല, ജർമ്മൻ ബാങ്കുകളിൽ നിന്നും 2500 കോടി രൂപ വാങ്ങിയതായി അദ്ദേഹം വെളിപ്പെടുത്തി. ചരിത്ര ബോധമുള്ളവരാണ് പാർട്ടി നേതാക്കളാകേണ്ടതെന്നും സുധാകരൻ ഓർമിപ്പിച്ചു.
Story Highlights: Former CPIM leader G Sudhakaran reveals party’s betrayal in ousting TJ Angelose through false report 28 years ago