**കോഴിക്കോട്◾:** ഫ്രഷ് കട്ട് സമരസമിതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പൊലീസ് ഹൈക്കോടതിയിൽ. സമരസമിതി ചെയർമാൻ ഒരു ക്രിമിനൽ ആണെന്നും, സമരക്കാർ മാരകായുധങ്ങൾ ശേഖരിച്ചുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
സമരത്തിന്റെ ഭാഗമായി സമരക്കാർ മാരകായുധങ്ങൾ ശേഖരിച്ചുവെന്ന് പൊലീസ് ആരോപിച്ചു. ഇതിൽ മഴുവും ഇരുമ്പുദണ്ഡും ഉൾപ്പെടെയുള്ളവ ഉൾപ്പെടുന്നു. പൊലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നും ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഗ്രനേഡ് ഉപയോഗിച്ചതാണെന്നും ഹൈക്കോടതിയെ അറിയിച്ചു. ഫാക്ടറിക്ക് സംരക്ഷണം നൽകാൻ ഉത്തരവുണ്ടായിരുന്നുവെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.
സമരം ശക്തമാക്കാൻ സമരസമിതി വീണ്ടും ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സമരവേദി കലക്ടറേറ്റിലേക്ക് മാറ്റും. വിഷയത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
സമരത്തിൽ ഫാക്ടറി ഉടമകളുടെ ആളുകൾ നുഴഞ്ഞുകയറിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സമരക്കാർ മൂന്ന് ആംബുലൻസുകൾ തയാറാക്കി നിർത്തിയത് ആസൂത്രിതമായിരുന്നു. കുട്ടികളെ മറയാക്കി സമരം നടത്താൻ ആസൂത്രണമുണ്ടായിരുന്നെന്നും, കുട്ടികളെ സ്കൂളിൽ വിടരുതെന്ന് സമരസമിതി നിർദേശിച്ചുവെന്നും പൊലീസ് പറയുന്നു.
അതേസമയം, താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് ഡിജിപി യതീഷ് ചന്ദ്രക്കെതിരായ പരാതി ഐജി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ ഡിജിപിക്ക് വീണ്ടും കത്തയച്ചു. മേലുദ്യോഗസ്ഥനെതിരായ പരാതി കീഴുദ്യോഗസ്ഥൻ അന്വേഷിച്ചാൽ നിഷ്പക്ഷത ഉണ്ടാകില്ലെന്ന് പരാതിക്കാരൻ പറയുന്നു. നേരത്തെ നൽകിയ പരാതി അന്വേഷണത്തിനായി റൂറൽ എസ്പിക്ക് കൈമാറിയെന്നായിരുന്നു പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് പരാതിക്കാരനെ അറിയിച്ചത്.
കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാന്റ് പൊലീസ് സുരക്ഷയിലാണ് നേരിയ അളവിൽ സംസ്കരണം തുടങ്ങിയത്. പ്ലാന്റ് പ്രവർത്തിക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിരോധനാജ്ഞ നവംബർ 13 വരെ ദീർഘിപ്പിച്ചു. അറസ്റ്റ് പേടിച്ച് ഒട്ടേറെപ്പേർ ഒളിവിൽ കഴിയുകയാണ്. പട്ടികയിലില്ലാത്തവർക്ക് ഒളിവിൽ നിന്നും മാറാനായി പൊലീസ് പ്രതിപട്ടിക പുറത്തുവിടണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
Story Highlights: ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ക്രിമിനലെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു.



















