സൗജന്യ നീറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എസ് സി, എസ് ടി, ഒ ബി സി വിഭാഗത്തില്പെട്ട വിദ്യാര്ത്ഥികള്ക്ക് പരിശീലനത്തിന് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില് മണ്ണന്തലയില് പ്രവര്ത്തിക്കുന്ന ഗവ.
പ്രീ എക്സാമിനേഷന് ട്രെയിനിങ് സെന്ററിലാണ് പരിശീലനം. 2025 ലെ നീറ്റ് പരീക്ഷ എഴുതുന്നതിന് ഓണ്ലൈന് അപേക്ഷ സമര്പ്പിച്ചവര്ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്ഗ വിഭാഗക്കാര്ക്ക് വരുമാന പരിധി ബാധകമല്ല.
എന്നാല്, മറ്റ് പിന്നാക്ക വിഭാഗക്കാര്ക്ക് ഒരു ലക്ഷം രൂപ വാര്ഷിക വരുമാന പരിധിയാണ്. താത്പര്യമുള്ളവര് നിര്ദിഷ്ട അപേക്ഷാ ഫോമില് അപേക്ഷ സമര്പ്പിക്കണം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകളും 2025 ലെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ കണ്ഫര്മേഷന് ഷീറ്റും ഒരു ഫോട്ടോയും അപേക്ഷയോടൊപ്പം സമര്പ്പിക്കണം.
അപേക്ഷാ ഫോം ഗവ. പ്രീ എക്സാമിനേഷന് ട്രെയിനിങ് സെന്ററില് നിന്നും ലഭിക്കും. മാര്ച്ച് 27 നുള്ളില് അപേക്ഷ സമര്പ്പിക്കണം.
പട്ടികജാതി/പട്ടികവര്ഗ വിദ്യാര്ത്ഥികള്ക്ക് സര്ക്കാര് ഉത്തരവിന് വിധേയമായി സ്റ്റൈപ്പന്റ് ലഭിക്കും. കൂടുതല് വിവരങ്ങള്ക്ക് 9048058810 എന്ന നമ്പറില് ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിലാണ് പരിശീലന കേന്ദ്രം പ്രവര്ത്തിക്കുന്നത്.
Story Highlights: Free NEET coaching is being offered to SC, ST, and OBC students in Thiruvananthapuram, Kollam, and Pathanamthitta districts who have applied for the 2025 NEET exam.