പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നെറോണയുടെ പുതിയ നോവലായ ‘മുടിയറ’കളുടെ മുഖചിത്രം ക്രിസ്തുനിന്ദയാണെന്ന ആരോപണം ഉയർന്നിരിക്കുകയാണ്. എന്നാൽ ഈ ആരോപണത്തോട് പ്രതികരിച്ച നെറോണ, തന്റെ നോവലിന്റെ മുഖചട്ട ക്രിസ്തുവിനെയോ ദൈവങ്ങളെയോ നിന്ദിക്കുന്നതല്ലെന്നും മുഖചിത്രത്തിൽ കറൻസി പിടിച്ചുനിൽക്കുന്നയാൾ ക്രിസ്തുവല്ലെന്നും വ്യക്തമാക്കി. നോവലിന്റെ ഉള്ളടക്കം ഒരു സിസ്റ്റത്തിന്റെ അപചയത്തെ സൂചിപ്പിക്കുന്നതാണെന്നും കാരുണ്യം ചെയ്യേണ്ടവർ സാമ്പത്തികമായ ഇടപാടുകളിലേക്ക് പോകുന്നതാണ് നോവൽ ചർച്ചചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ആലപ്പുഴ രൂപതയിലെ വൈദികന് അലക്സ് കൊച്ചീക്കാരന് വീട്ടില് നോവലിന്റെ മുഖചട്ടക്കെതിരെ രംഗത്തെത്തിയിരുന്നു. ക്രിസ്തീയതയേയും ക്രൈസ്തവ സഭാസംവിധാനങ്ങളെയും ഇകഴ്ത്തിയും വക്രീകരിച്ചും നിന്ദിച്ചുമെഴുതുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ ഈ വിമർശനത്തോട് വിയോജിപ്പാണെന്ന് നെറോണ വ്യക്തമാക്കി. നോവൽ കൃത്യമായി വായിച്ചിട്ടില്ലാതെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖചിത്രത്തിലെ കൈയ്യിലെ മുറിവുകളെക്കുറിച്ച് നെറോണ വിശദീകരിച്ചു. സഭയ്ക്കുള്ളിൽ നിന്ന് സാമൂഹ്യ സേവനം ചെയ്യേണ്ട പുരോഹിതർ പണം പിരിക്കേണ്ട ഗതികേടിലേക്ക് വരുമ്പോൾ അവരുടെ മനോവ്യഥയാണ് ആ കൈകളിലെ ചോരയും മുറിപ്പാടുകളും സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചിത്രം കണ്ടിട്ട് പലരും പല രീതിയിൽ പ്രതികരിക്കുമെന്നും, അപചയത്തിന്റെ മൊത്തത്തിലുള്ള ഒരു സിംബോളിക് റെപ്രസെന്റേഷൻ ആണിതെന്നും അതിൽ ദൈവങ്ങളെയോ, ബൈബിളിനെയോ, ക്രിസ്തുവിനെയോ അവഹേളിക്കുന്നില്ലെന്നും നെറോണ വ്യക്തമാക്കി.
Story Highlights: Francis Noronha responds to allegations of blasphemy in his new novel’s cover