സംസ്ഥാനത്തെ സർവകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നു. ഗവേഷണ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പുതിയ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.
വിദേശ സർവകലാശാലകളിലെ നാല് വർഷ ബിരുദ ഘടന കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലും ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വനിതാ കോളേജിൽ ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കോഴ്സുകൾ ഉദ്ഘാടനം ചെയ്യും.
പുതുതായി തയാറാക്കിയ ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരമായിരിക്കും ക്ലാസുകൾ നടക്കുക. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വിഷയത്തിന്റെ ആഴങ്ങളിലേക്ക് അറിവ് അന്വേഷിക്കുന്നതിനും ഈ കോഴ്സുകൾ സഹായകമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം നടപ്പിലാക്കുന്നത്.