കർണാടകയിലെ മണ്ഡ്യ നാഗമംഗലയിലെ ഒരു കോഴിഫാമിൽ നടന്ന ദാരുണമായ സംഭവത്തിൽ നാലുവയസ്സുകാരൻ വെടിയേറ്റ് മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ മകൻ അഭിജീത് (4) ആണ് മരിച്ചത്. ഫാമിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് കളിക്കുന്നതിനിടെയാണ് അപകടം. പതിനഞ്ചു വയസ്സുകാരനായ മറ്റൊരു കുട്ടി തോക്കുമായി കളിക്കുന്നതിനിടെയാണ് വെടിയുണ്ട പുറപ്പെട്ടത്.
അപകടത്തിൽ അഭിജീതിന്റെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. തൊട്ടടുത്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അമ്മ ചികിത്സയിലാണ്. വെടിയേറ്റതിനെ തുടർന്ന് അമിത രക്തസ്രാവമുണ്ടായ അഭിജീത് തൽക്ഷണം മരിച്ചു.
ഫാം നോക്കിനടത്തുന്നവർ മുറിയിൽ തോക്ക് സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു. പുറത്തുപോകുന്നതിനു മുൻപ് തോക്ക് പുറത്തെടുത്ത് വെച്ചിരുന്നു. ഈ സമയത്താണ് തൊട്ടടുത്ത ഫാമിൽ ജോലി ചെയ്യുന്ന പതിനഞ്ചുകാരൻ തോക്കെടുത്ത് കളിക്കാൻ തുടങ്ങിയത്. അബദ്ധത്തിൽ ട്രിഗർ വലിഞ്ഞതോടെ രണ്ട് തവണ വെടിയുണ്ട പുറപ്പെട്ടു.
ആദ്യത്തെ വെടിയുണ്ട അഭിജീതിന്റെ വയറ്റിൽ തുളച്ചുകയറി. രണ്ടാമത്തെ വെടിയുണ്ട അമ്മയുടെ കാലിലാണ് കൊണ്ടത്. സംഭവത്തിൽ പശ്ചിമബംഗാളിൽ നിന്ന് ജോലിക്ക് വന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം.
Story Highlights: A four-year-old boy died after being accidentally shot by a 15-year-old playing with a gun at a poultry farm in Mandya, Karnataka.