ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടു; ലണ്ടനിലേക്ക് പോകുമെന്ന് സൂചന

Anjana

Sheikh Hasina leaves India

ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹി വിട്ടു. ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് രാവിലെ 9:30ന് C130 J എന്ന ബംഗ്ലാദേശ് വ്യോമസേന വിമാനത്തിലാണ് അവർ പുറപ്പെട്ടത്. ലണ്ടനിൽ അഭയം തേടുമെന്നാണ് സൂചന. എന്നാൽ, എങ്ങോട്ടേക്കാണ് പുറപ്പെട്ടതെന്ന വിവരം സേന പുറത്തുവിട്ടിട്ടില്ല. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് ഷെയ്ഖ് ഹസീന സഹോദരി രഹാനക്കൊപ്പം ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിൽ എത്തിയത്.

ബംഗ്ലാദേശിലെ നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പാർലമെന്റിൽ വിഷയം സംബന്ധിച്ച് സർവകക്ഷി യോഗം വിളിച്ചിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്ന ബംഗ്ലാദേശിൽ ഭരണം സൈന്യം ഏറ്റെടുത്തിരുന്നു. രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകർ ഉസ് സമാൻ പറഞ്ഞിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രക്ഷോഭത്തിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. അവാമി ലീഗ് നേതാവ് ഷാഹിൻ ചക്ലദാറിന്റെ ഹോട്ടലിന് പ്രക്ഷോഭകർ തീയിട്ടു, എട്ട് പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശിൽ അതിരൂക്ഷമായ കലാപം തുടരുകയാണ്, വ്യാപക കൊള്ളയും കൊലയുമാണ് നടക്കുന്നത്. സംവരണവിരുദ്ധ പ്രക്ഷോഭം ഭരണവിരുദ്ധ പ്രക്ഷോഭമായി മാറിയതോടെയാണ് സ്ഥിതി വഷളായത്. ധാക്ക വിടുന്നതിനു മുൻപ് പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Story Highlights: Former Bangladesh PM Sheikh Hasina leaves India amid political unrest

Image Credit: twentyfournews