ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടിക പുറത്തിറക്കി ഫോബ്സ് മാഗസിൻ. ഈ വർഷത്തെ പട്ടികയിൽ മലയാളികളിൽ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ്. 550 കോടി ഡോളർ ആസ്തിയുമായാണ് യൂസഫലി മലയാളികളിൽ ഒന്നാമതെത്തിയത്. ഇന്ത്യയിൽ 32-ാം സ്ഥാനത്തും ആഗോളതലത്തിൽ 639-ാം സ്ഥാനത്തുമാണ് യൂസഫലി. ഏകദേശം 47,000 കോടി രൂപയാണ് ഇത്.
ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ടെസ്ല, സ്പേസ് എക്സ്, എക്സ് തലവൻ ഇലോൺ മസ്കിനെ ഫോബ്സ് തിരഞ്ഞെടുത്തു. 4,200 കോടി ഡോളറാണ് മസ്കിന്റെ ആസ്തി. മെറ്റ മേധാവി മാർക്ക് സക്കർബർഗ് 21,600 കോടി ഡോളർ ആസ്തിയുമായി രണ്ടാം സ്ഥാനത്തെത്തി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മറികടന്നാണ് സക്കർബർഗ് രണ്ടാം സ്ഥാനത്തെത്തിയത്. ബെസോസിന്റെ ആസ്തി 21,500 കോടി ഡോളറാണ്.
ഇന്ത്യയിൽ ഏറ്റവും സമ്പന്നനായ വ്യക്തി മുകേഷ് അംബാനിയാണ്. 9,250 കോടി ഡോളർ ആസ്തിയുമായി അംബാനി ഇന്ത്യയിൽ ഒന്നാമതും ലോകത്ത് 18-ാം സ്ഥാനത്തുമാണ്. 5,630 കോടി ഡോളർ ആസ്തിയുള്ള ഗൗതം അദാനി ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ്. ഫോബ്സിന്റെ 39-ാമത് സമ്പന്ന പട്ടികയിൽ ഇന്ത്യയിൽ നിന്ന് 205 പേരാണ് ഇടം നേടിയത്. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് പേർ കൂടുതലാണ് ഇത്.
ജെംസ് എജ്യുക്കേഷൻ തലവൻ സണ്ണി വർക്കി, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ആർപി ഗ്രൂപ്പ് തലവൻ രവി പിള്ള, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, കല്യാൺ രാമൻ, ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ, മുത്തൂറ്റ് ഫാമിലി, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി തുടങ്ങിയവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
Story Highlights: M.A. Yusuf Ali tops the list of Malayalis in Forbes’ World Billionaires List with a net worth of $5.5 billion.