വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തിച്ചേർന്നു. ടഗ് ബോട്ടുകളുടെ സഹായത്തോടെ തുറമുഖത്തേക്ക് നയിക്കപ്പെട്ട കപ്പലിനെ വാട്ടർ കാനൺ ഉപയോഗിച്ച് സ്വീകരിച്ചു. മെർസ്കിന്റെ ഈ കപ്പൽ 1960 കണ്ടൈനറുകളിലായി ചരക്കുകൾ കൊണ്ടുവന്നിരിക്കുന്നു.
ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്തിൽ നിന്ന് യാത്ര തിരിച്ച സാൻ ഫെർണാണ്ടോ, കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. നാളെ നടക്കുന്ന ട്രയൽ റണ്ണിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ മന്ത്രി, അദാനി പോർട്ട് അധികൃതർ, വിസിൽ അധികൃതർ എന്നിവർ പങ്കെടുക്കും. ചരക്കുകൾ ഇറക്കാനുള്ള ക്രെയിനുകൾ സജ്ജമാക്കിയിട്ടുണ്ട്.
കപ്പലിലെ മുഴുവൻ ചരക്കും ഇറക്കിയ ശേഷം സാൻ ഫെർണാണ്ടോ അന്നു തന്നെ മടങ്ങും. തുടർന്ന് രണ്ട് ഫീഡർ കപ്പലുകൾ വന്ന് ചരക്കുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. തുറമുഖ മന്ത്രി വിഎൻ വാസവൻ ഇതിനെ കേരളത്തിന്റെ അഭിമാനനിമിഷമായി വിശേഷിപ്പിച്ചു. ലോകം കേരളത്തെ ഉറ്റുനോക്കുന്ന ചരിത്രനിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.