പാലക്കാട് പുതുനഗരത്ത് പടക്കം വായിലിരുന്ന് പൊട്ടിത്തെറിച്ചതിനെ തുടർന്ന് പശുവിന് പരിക്ക്. നടുവഞ്ചിറ സ്വദേശി സതീഷിന്റെ പശുവാണ് പരിക്കേറ്റത്. കാട്ടുപന്നിയെ ലക്ഷ്യമാക്കി പൊറോട്ടയിൽ പൊതിഞ്ഞു വെച്ച പന്നിപടക്കമാണ് പശു കടിച്ചത്. മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം.
പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇരിട്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിനടുത്ത മീത്തലെ പുരയിൽ പ്രണവ് (38) എന്ന യുവാവിനാണ് പരിക്ക്.
വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങളിൽ പച്ചക്കെട്ട് ഗുണ്ട് പൊട്ടിക്കുന്നതിനിടെയാണ് അപകടം. സ്ഫോടനത്തിൽ പ്രണവിന്റെ വലതുകൈപ്പത്തി ചിതറി. സ്ഫോടനശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
Story Highlights: A cow was injured in Palakkad when a firecracker exploded in its mouth, while a man in Iritty suffered severe hand injuries due to a firecracker explosion.