സോഫ്റ്റ്വെയർ അപ്ഡേറ്റിനെ തുടർന്ന് ഫോൺ ഡിസ്പ്ലേയിൽ വരകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. 2023 ജൂലൈയിൽ നടന്ന ഓട്ടോമാറ്റിക് സോഫ്റ്റ്വെയർ അപ്ഡേഷനുശേഷം സ്ക്രീനിൽ പിങ്ക് ലൈൻ പ്രത്യക്ഷപ്പെട്ടതായി എറണാകുളം സ്വദേശിയായ ഉപഭോക്താവ് പരാതിപ്പെട്ടു. ഫോണിന്റെ വിലയായ 43,999 രൂപ തിരികെ നൽകാനും കോടതി ചെലവ്, നഷ്ടപരിഹാരം എന്നിവയായി 35,000 രൂപയും 45 ദിവസത്തിനകം നൽകാനും വൺപ്ലസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് കമ്മീഷൻ നിർദേശിച്ചു.
2021 ഡിസംബറിൽ 43,999 രൂപ മുടക്കി വാങ്ങിയ വൺപ്ലസ് ഫോണിലാണ് പിഴവ് കണ്ടെത്തിയത്. ഡിസ്പ്ലേ അവ്യക്തമായെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. സോഫ്റ്റ്വെയർ അപ്ഡേഷനു ശേഷം ഡിസ്പ്ലേയിൽ പച്ച വരയും പ്രത്യക്ഷപ്പെട്ടു. ഉപഭോക്താവിന് സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും കമ്മീഷൻ വിലയിരുത്തി.
സർവീസ് സെന്ററുമായി ബന്ധപ്പെട്ടപ്പോൾ 19,000 രൂപയ്ക്ക് ഫോൺ തിരിച്ചെടുക്കാമെന്നോ പുതിയ ഡിസ്പ്ലേ എത്തിച്ചേരുന്നത് വരെ കാത്തിരിക്കാമെന്നോ നിർദ്ദേശം ലഭിച്ചതായി പരാതിക്കാരൻ പറഞ്ഞു. ഒരു മാസത്തിനുശേഷം സ്ക്രീനിൽ മറ്റൊരു ഗ്രീൻ ലൈൻ കൂടി പ്രത്യക്ഷപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഉപഭോക്താവ് നഷ്ടപരിഹാരം തേടി കമ്മീഷനെ സമീപിച്ചത്.
നിർമ്മാണ വൈകല്യമാണ് പ്രശ്നത്തിന് കാരണമെന്ന് ഉപഭോക്താവ് ആരോപിച്ചു. സോഫ്റ്റ്വെയർ അപ്ഡേഷൻ സ്വീകരിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു ഫോണിന്റെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൺപ്ലസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉൽപ്പന്നമാണ് പ്രശ്നക്കാരനായ ഫോൺ.
പരാതിക്കാരന്റെ വാദം കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. ഉപഭോക്താവിന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. കമ്പനിയുടെ വീഴ്ചയാണ് പ്രശ്നത്തിന് കാരണമെന്നും കമ്മീഷൻ വ്യക്തമാക്കി.
Story Highlights: Consumer gets compensation for faulty phone display after software update.