കിളിമാനൂർ പൊരുന്തമൺ സ്വദേശിയായ ഹരികുമാർ (52), ലഹരിക്ക് അടിമയായ മകൻ്റെ മർദ്ദനത്തിനിരയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ 15-ാം തീയതി വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ഹരികുമാറിൻ്റെ ഭാര്യയുടെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചുവാങ്ങിയതാണ് സംഭവത്തിന് വഴിവെച്ചത്.
ഈ വിവരം ഭാര്യയിൽ നിന്നും അറിഞ്ഞ ഹരികുമാർ വീട്ടിലെത്തി മകനോട് ഫോൺ തിരികെ നൽകാൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന്, മകൻ പിതാവിൻ്റെ മുഖത്ത് കൈമുറുക്കി ഇടിച്ച ശേഷം ചവിട്ടി താഴെയിട്ടു.
വീഴ്ചയിൽ തറയിൽ തലയിടിച്ച ഹരികുമാറിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദ്യം ബൈക്ക് അപകടത്തിൽ പരിക്കേറ്റതാണെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നത്.
എന്നാൽ, ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 2.15-ഓടെ ഹരികുമാർ മരണപ്പെട്ടു. ബന്ധുക്കളുടെ മൊഴിയെടുത്ത പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. മകൻ ആദിത്യ കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
Story Highlights: A father died during treatment after being assaulted by his drug-addicted son in Kilimanoor.