ഗുജറാത്തിലെ ഗാന്ധിനഗറിൽ അസാധാരണമായ ഒരു തട്ടിപ്പ് സംഭവം പുറത്തുവന്നിരിക്കുകയാണ്. സ്വന്തമായി ഒരു വ്യാജ ട്രിബ്യൂണൽ കോടതി സ്ഥാപിച്ച് അഞ്ച് വർഷത്തിലേറെയായി തട്ടിപ്പുകാർ വിളയാടിയതായി പൊലീസ് കണ്ടെത്തി. യഥാർത്ഥ കോടതിയെ വെല്ലുന്ന രീതിയിൽ ജഡ്ജിയും ഗുമസ്തന്മാരുമടക്കം ഒരുക്കിയ ഈ വ്യാജ കോടതി ഭൂമി സംബന്ധമായ കാര്യങ്ങളിൽ ഇടപാടുകാർക്ക് അനുകൂലമായി വ്യാജ വിധികൾ പുറപ്പെടുവിച്ചിരുന്നു.
ഗാന്ധിനഗർ സ്വദേശിയായ മൗറീസ് സാമുവൽ ക്രിസ്റ്റ്യൻ എന്നയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ ഓഫീസാണ് വ്യാജ കോടതിയാക്കി മാറ്റിയത്. നഗരത്തിലെ സിവിൽ കോടതിയിൽ തീർപ്പാകാതെ കിടക്കുന്ന ഭൂമിതർക്ക കേസുകളിലെ കക്ഷികളെ ബന്ധപ്പെട്ട് കോടതി നിയോഗിച്ച ഔദ്യോഗിക മധ്യസ്ഥനാണെന്ന വ്യാജേന കേസുകൾ ട്രിബ്യൂണലിൽ പരിഗണിക്കാമെന്ന് വാഗ്ദാനം ചെയ്യും. തുടർന്ന് കക്ഷികൾക്ക് അനുകൂലമായി വ്യാജ ഉത്തരവുകൾ ഇറക്കി വൻ തുക ഈടാക്കുകയായിരുന്നു രീതി.
2019-ൽ ഈ വ്യാജ കോടതിയിൽ നിന്ന് നേടിയ ഒരു ഉത്തരവ് അടുത്തിടെ മറ്റൊരു കോടതിയിലെ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. സർക്കാർ ഭൂമിയിൽ ഉടമസ്ഥത ഉന്നയിച്ച് ഒരാൾ കോടതിയെ സമീപിച്ച കേസിൽ വ്യാജ കോടതിയിൽ നിന്ന് അനുകൂല വിധി നൽകിയിരുന്നു. ഇത് വ്യാജമാണെന്ന് സിവിൽ കോടതി രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെട്ടതോടെ അഹമ്മദാബാദ് ഭദ്രയിലെ സിറ്റി സിവിൽ കോടതി രജിസ്ട്രാർ ഹാർദിക് സാഗർ ദേശായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
Story Highlights: Fake tribunal court in Gujarat’s Gandhinagar operated for over five years, issuing fraudulent land dispute rulings