**ദാമോ (മധ്യപ്രദേശ്)◾:** മധ്യപ്രദേശിലെ ദാമോയിലുള്ള ഒരു ക്രിസ്ത്യൻ മിഷനറി ആശുപത്രിയിൽ വ്യാജ ഹൃദ്രോഗ വിദഗ്ദ്ധന്റെ ചികിത്സ മൂലം ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 15 പേർക്ക് ഇയാൾ ശസ്ത്രക്രിയ നടത്തിയെന്നും ഇതിൽ ഏഴ് പേർ മരിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡോ. എൻ. ജോൺ കെം എന്ന ലണ്ടൻ കാർഡിയോളജിസ്റ്റാണെന്ന് പറഞ്ഞാണ് ഇയാൾ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.
ദാമോ സ്വദേശിയായ ദീപക് തിവാരി എന്നയാളുടെ പരാതിയെ തുടർന്നാണ് സംഭവം വെളിച്ചത്തു വന്നത്. ശസ്ത്രക്രിയക്ക് ഇരയായ ചില രോഗികൾ തങ്ങളുടെ അടുത്തുവന്ന് കാര്യം പറഞ്ഞപ്പോഴാണ് ആശുപത്രിയിൽ ഒരു വ്യാജ ഡോക്ടർ ഉണ്ടെന്ന് മനസിലായതെന്ന് ദീപക് തിവാരി പറഞ്ഞു. യഥാർത്ഥ ഡോക്ടർ ബ്രിട്ടനിലാണെന്നും എന്നാൽ ഈ വ്യക്തിയുടെ പേര് നരേന്ദ്ര യാദവ് എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈദരാബാദിൽ ഇയാൾക്കെതിരെ ഒരു കേസുണ്ടെന്നും തിവാരി വെളിപ്പെടുത്തി. പ്രതി തന്റെ യഥാർത്ഥ രേഖകൾ കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് പേർ മരിച്ചെന്നത് ഔദ്യോഗിക കണക്കാണെന്നും അനൗദ്യോഗിക എണ്ണം ഇതിലുംകൂടുമെന്നും ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റ് അഡ്വ. ദീപക് തിവാരി പറഞ്ഞു.
ആശുപത്രി സർക്കാരിന്റെ ആയുഷ്മാൻ ഭാരത് സ്കീമിൽ നിന്ന് ഫണ്ട് കൈപ്പറ്റിയിട്ടുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനൂങ്കോ പറഞ്ഞു. മിഷനറി ആശുപത്രിയിൽ ഒരു വ്യാജ ഡോക്ടർ രോഗികൾക്ക് ഹൃദയശസ്ത്രക്രിയകൾ നടത്തിയതായി പരാതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിയുമായി മിഷനറി ആശുപത്രിയും ബന്ധപ്പെട്ടിട്ടുണ്ടെന്നും അതിനായി സർക്കാരിൽ നിന്ന് പണം വാങ്ങുന്നുണ്ടെന്നും വിവരം ലഭിച്ചതായി കനൂങ്കോ വ്യക്തമാക്കി.
ഇത് ഗുരുതരമായ പരാതിയാണെന്നും ഇക്കാര്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കനൂങ്കോ കൂട്ടിച്ചേർത്തു. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള അന്വേഷണ സംഘം ആശുപത്രിയിൽനിന്ന് രേഖകൾ പിടിച്ചെടുത്തു. അന്വേഷണത്തിൽ ആൾമാറാട്ടക്കാരൻ പ്രശസ്ത ബ്രിട്ടീഷ് ഡോക്ടറുടേതിന് സമാനമായ രേഖകൾ വ്യാജമായുണ്ടാക്കി ആശുപത്രിയിൽ സമർപ്പിച്ചതായി കണ്ടെത്തി.
ഹൈദരാബാദിൽ ഒരു ക്രിമിനൽ കേസുകൾപ്പെടെ നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്നും സംഘം കണ്ടെത്തി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണ് ഇയാളുടെ യഥാർത്ഥ പേര്.
Story Highlights: Seven people died after receiving treatment from a fake cardiologist at a private missionary hospital in Damoh, Madhya Pradesh.