ഗുജറാത്തിലെ സൂറത്തിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്ന സംഘം പിടിയിലായി. 14 വ്യാജ ഡോക്ടർമാരെയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം തന്നെ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി. സംഘത്തിന്റെ മുഖ്യപ്രതിയായ ഡോ. രമേഷ് ഗുജറാത്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളവർക്ക് പോലും 70,000 രൂപ വാങ്ങി മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റ് നൽകിയിരുന്നതായി കണ്ടെത്തി. ബോർഡ് ഓഫ് ഇലക്ട്രോ ഹോമിയോപ്പതിക് മെഡിസിൻ (ബിഇഎച്ച്എം) ഗുജറാത്ത് നൽകുന്ന ബിരുദങ്ങളാണ് ഈ പ്രതികൾ വാഗ്ദാനം ചെയ്തിരുന്നത്. വ്യാജ ഡോക്ടർ ബിരുദമുള്ള മൂന്നുപേർ അലോപ്പതി പ്രാക്ടീസ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
റവന്യൂ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ നൂറുകണക്കിന് അപേക്ഷകളും സർട്ടിഫിക്കറ്റുകളും സ്റ്റാമ്പുകളും കണ്ടെടുത്തു. ഇലക്ട്രോ ഹോമിയോപ്പതിയോട് ജനങ്ങൾക്ക് ധാരണയില്ലെന്ന് മനസിലാക്കിയതോടെ വ്യാജ ഡോക്ടർമാർ തന്ത്രം മാറ്റി ഗുജറാത്തിലെ ആയുഷ് മന്ത്രാലയം നൽകുന്ന ബിരുദങ്ങൾ നൽകാൻ തുടങ്ങി. വ്യാജ വെബ്സൈറ്റിൽ ബിരുദങ്ങൾ രജിസ്റ്റർ ചെയ്യുകയായിരുന്നു പ്രതികളുടെ തന്ത്രം. ഇലക്ട്രോ ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ യാതൊരു നിയന്ത്രണങ്ങളുമില്ലെന്ന വിവരം മുതലെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്.
Story Highlights: Fake degree certificate racket busted in Surat, Gujarat; 14 fake doctors arrested