മണിപ്പൂരിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. നാളെ വിവിധ കുക്കി സംഘടനകളുടെ പ്രതിഷേധം നടക്കാനിരിക്കെ, പ്രശ്നബാധിത മേഖലകളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന നില തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജില്ലാ ഭരണകൂടങ്ങളോട് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2023 മെയ് മാസത്തിലാണ് മണിപ്പൂരിൽ സംഘർഷം ആരംഭിച്ചത്. ഇംഫാൽ താഴ്വരയിൽ താമസിച്ചിരുന്ന മെയ്തെയ് വിഭാഗക്കാരും സമീപത്തെ മലമേഖലകളിൽ താമസിച്ചിരുന്ന കുകി-സൊ വിഭാഗക്കാരും തമ്മിലാണ് സംഘർഷം ഉടലെടുത്തത്.
ഇതുവരെ 226 പേരാണ് കൊല്ലപ്പെട്ടത്, 39 പേരെ കാണാതായിട്ടുണ്ട്. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ കൃത്യമായ കണക്കുകളും ലഭ്യമല്ല. സംഘർഷത്തെ തുടർന്ന് 60,000 ത്തോളം കുക്കി – മെയ്തെയ് വിഭാഗക്കാർക്ക് തങ്ങളുടെ വീടുകൾ വിട്ട് ഓടിപ്പോകേണ്ടി വന്നു.
എന്നാൽ ഇതുവരെ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും, സാമുദായിക സംഘർഷങ്ങൾ തുടരുകയാണ്.
Story Highlights: Manipur on high alert as Kuki organizations plan protests amid ongoing ethnic tensions