തിരുവനന്തപുരം പാളയത്തുള്ള യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് തിരുവനന്തപുരം റെയിഞ്ച് മണ്ണന്തല എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ അറിയിച്ചു. ഹോസ്റ്റലിലെ 455 എന്ന നമ്പർ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
പുസ്തകങ്ങൾ വെക്കുന്ന ഷെൽഫിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എംഡിഎംഎയും കഞ്ചാവും ഹോസ്റ്റലിൽ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. എന്നാൽ എംഡിഎംഎ കണ്ടെത്താനായില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
പരിശോധന നടക്കുമ്പോൾ മുറിയുടെ വാതിൽ തുറന്ന നിലയിലായിരുന്നുവെന്നും തമിഴ്നാട് സ്വദേശിയായ വിദ്യാർഥിയുടെ മുറിയാണിതെന്നും എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ വ്യക്തമാക്കി. മുറിയിൽ ഉണ്ടായിരുന്നവർ രാവിലെ തന്നെ മുറി ഒഴിഞ്ഞു പോയിരുന്നു. നിലവിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.
ഹോസ്റ്റലിലെ നിരവധി മുറികൾ പരിശോധിച്ചതായും യൂണിവേഴ്സിറ്റി ഹോസ്റ്റൽ അധികൃതർക്ക് വിവരങ്ങൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നും എക്സൈസ് ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു. കേരള സർവകലാശാലക്ക് കീഴിൽ പഠിക്കുന്ന വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ 70 ലധികം മുറികളാണുള്ളത്.
ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പുറമെ മുൻ വിദ്യാർഥികളും ഇവിടെ താമസിക്കാറുണ്ട്. കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളേജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്.
എന്നാൽ, റെയ്ഡ് നടന്ന ഹോസ്റ്റൽ യൂണിവേഴ്സിറ്റിക്ക് കീഴിൽ വരുന്നതല്ലെന്നും കേരള സർക്കാരിന്റെ കീഴിലാണെന്നും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മേൽ പറഞ്ഞു. എല്ലാ ഹോസ്റ്റലുകളിലും റെയ്ഡ് നടത്തേണ്ടതുണ്ടെന്നും മയക്കുമരുന്നിൽ ക്ലീൻ ആണ് എന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇനി യൂണിവേഴ്സിറ്റിയിൽ പഠിക്കണമെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം നൽകണമെന്നും വിസി പ്രതികരിച്ചു.
പരിശോധന പൂർത്തിയാക്കി എക്സൈസ് സംഘം മാധ്യമങ്ങൾക്ക് മുന്നിൽ മുഖം തരാതെയാണ് മറ്റൊരുവഴിയിലൂടെ പുറത്തേക്ക് പോയിരുന്നത്.
Story Highlights: Excise officials seized 20 grams of cannabis from a boys’ hostel in Thiruvananthapuram during a raid.