കൊച്ചിയിൽ എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ മദ്യം വിജിലൻസ് പിടിച്ചെടുത്തു. തൃപ്പൂണിത്തുറ പേട്ടയിലെ ബീവറേജസ് കോർപ്പറേഷൻ വെയർഹൗസ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 4 ലിറ്റർ മദ്യം കണ്ടെത്തിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, എക്സൈസ് പ്രിവൻറീവ് ഓഫീസർ സാബു കുര്യാക്കോസ് എന്നിവരിൽ നിന്നാണ് രണ്ടു ലിറ്റർ വീതം മദ്യം പിടിച്ചെടുത്തത്.
എറണാകുളം വിജിലൻസ് ഡിവൈഎസ്പി എൻ ആർ ജയരാജ്, ഇൻസ്പെക്ടർ സിയാ ഉൽ ഹഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വെയർഹൗസിൽ നിന്ന് ബിവറേജസ് ഔട്ട്ലെറ്റുകളിലേക്ക് കൊണ്ടുപോകുന്ന ലോഡുകളിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ മദ്യമാണ് പിടിച്ചെടുത്തതെന്ന് വിജിലൻസ് വ്യക്തമാക്കി.
അതേസമയം, കാസർകോട് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയതായി റിപ്പോർട്ട്. കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി എൻ പി അസ്കർ അലി, കോഴിക്കോട് പന്നിയങ്കര സ്വദേശി സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെ കൈവശം നിന്നും 4,82,514 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. മൊഗ്രാലിൽ വെച്ചാണ് അസ്കറിനെ പിടികൂടിയത്. പിക്കപ്പ് വാനിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നു ഇവ. സിദ്ദീഖലിയെ കുമ്പള ദേശീയപാതയിൽ വെച്ചാണ് പിടികൂടിയത്. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾക്ക് 50 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Excise officials caught with bribe liquor in Kochi, while prohibited tobacco products seized in Kasargod