ബെംഗളൂരുവിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഫുഡ് ഡെലിവറി ആപ്പിലൂടെ ഒരു യുവാവ് തന്റെ പൂർവ്വകാമുകിയെ സ്റ്റോക്ക് ചെയ്തതാണ് സംഭവം. രുപാൽ മധുപ് എന്ന യുവതിയാണ് തന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടത്. തന്റെ കൂട്ടുകാരിക്കുണ്ടായ ദുരനുഭവമാണ് രുപാൽ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഫുഡ് ഡെലിവറി ഏജന്റായിരുന്ന പൂർവകാമുകൻ ആപ്പിലൂടെയാണ് പൂർവകാമുകിയെ പിന്തുടർന്ന് ശല്യം ചെയ്തത്. ആദ്യമൊക്കെ ആപ്പിൽ നിന്നും വന്ന മെസേജുകൾ പെൺകുട്ടി കാര്യമായി എടുത്തില്ല. എന്നാൽ ഇത് തുടർന്നപ്പോൾ സംഭവം സീരിയസായി. ‘ചോക്ലേറ്റ് ഓർഡർ ചെയ്തിട്ടുണ്ടല്ലോ, പീരിയഡ്സ് ആണോ’, ‘രാത്രി രണ്ടുമണിക്ക് നിനക്കെന്താ നിന്റെ വീട്ടിലേക്ക് ഭക്ഷണം ഓർഡർ ചെയ്താൽ’, ‘നീ ചെന്നൈയിൽ എന്തുചെയ്യുകയാണ്’ എന്നിങ്ങനെയൊക്കെ നീളുന്നു പൂർവകാമുകന്റെ ‘കെയറിങ്’ സന്ദേശങ്ങൾ.
ഇതോടെ പെൺകുട്ടി ആകെ ആശങ്കയിലായി. താൻ എവിടെയൊക്കെ പോകുന്നു എന്തൊക്കെ കഴിക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങൾ അയാൾ അറിയുന്നു എന്നത് പെൺകുട്ടിയെ വല്ലാതെ ഭയപ്പെടുത്തി. ഇതോടെ അവൾ കൂട്ടുകാരിയോട് കാര്യങ്ങളെല്ലാം തുറന്നുപറയുകയായിരുന്നു. ‘പ്രണയം നിരസിക്കുന്നതിനെ വൈരാഗ്യത്തോടെ കാണുന്നവർക്ക്, സ്നേഹിച്ചിരുന്നവരെ ദ്രോഹിക്കാനിതാ പുതിയൊരു വഴികൂടി, ഇതിനെതിരെ ജാഗ്രത പാലിക്കണം’ എന്ന് പറഞ്ഞാണ് രുപാലി പോസ്റ്റ് അവസാനിപ്പിക്കുന്നത്. പ്രണയം അവസാനിപ്പിച്ചതിന്റെ പേരിൽ കൊലചെയ്യപ്പെട്ടവർ നിരവധിയാണ് നമുക്കുമുന്നിൽ. നേരിട്ട് ആക്രമിക്കുന്നതിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലൂടെയും ഇവർക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നവരാണ് ഏറെയും. ഇത്തരം സംഭവങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ നമ്മുടെ മുന്നിലുണ്ട്.
Story Highlights: Ex-boyfriend stalks woman through food delivery app in Bengaluru, raising concerns about digital privacy and safety.
Good presentation