ഷിരൂർ ദൗത്യം മതിയാക്കി ഈശ്വർ മാൽപെ ഉഡുപ്പിയിലേക്ക് മടങ്ങുന്നു. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് ഈ തീരുമാനം. ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അർജുന്റെ അമ്മയോടും കുടുംബത്തോടും മാൽപെ മാപ്പ് പറഞ്ഞു. സ്വമേധയാ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവൻപോലും പണയംവെച്ചാണ് തിരച്ചിലിനായി ഇറങ്ങിയതെന്നും, എന്നാൽ ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മാൽപെ വ്യക്തമാക്കി.
ഇന്ന് രാവിലെ തിരച്ചിലിനായി എത്തിയ മാൽപെയ്ക്ക് കോൺടാക്ട് പോയിന്റ് 4 ൽ ഇറങ്ങാൻ ഡ്രെഡ്ജിങ് കമ്പനി അനുവദിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തന്റെ നിരാശ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. അർജുന്റെ വീട്ടിൽ പോയി സമയത്ത് അവർക്കെല്ലാം വാക്ക് കൊടുത്തതാണ് ദൗത്യത്തിന്റെ അവസാന നിമിഷം വരെ തിരച്ചിലിന്റെ ഭാഗമായിരിക്കുമെന്ന്. എന്നാൽ ഇപ്പോൾ ആ വാക്ക് പാലിക്കാൻ തനിക്കായില്ലെന്നും, വീട് വിട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് 4 ദിവസമായെന്നും ഈശ്വർ മാൽപെ പറഞ്ഞു.
ഷിരൂരിലെ മണ്ണിടിച്ചിൽ ഉണ്ടായ സമയം മുതൽ തന്നെ ദൗത്യത്തിന്റെ ഭാഗമായിരുന്നു മാൽപെ. ഗംഗാവലിപ്പുഴയിൽ ശക്തമായ അടിയൊഴുക്ക് ഉണ്ടായ സാഹചര്യത്തിൽപോലും ജീവൻവരെ പണയംവെച്ച് മാൽപ്പെ പുഴയിലിറങ്ങി തിരച്ചിൽ നടത്തിയത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയും മറ്റ് പ്രതികൂല സാഹചര്യങ്ങളും കാരണം ദൗത്യം മതിയാക്കി ഉഡുപ്പിയിലേക്ക് മടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ഈശ്വർ മാൽപെ.
Story Highlights: Eshwar Malpe ends Shiroor mission due to differences with district administration, returns to Udupi