എറണാകുളം സിറ്റി എ ആർ ക്യാമ്പിൽ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവത്തിൽ ആയുധങ്ങളുടെ ചുമതലയുള്ള എസ്ഐക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നു. മാർച്ച് 10നാണ് സംഭവം നടന്നത്. എസ്ഐ സി സി വി സജീവന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഔദ്യോഗിക ബഹുമതി ചടങ്ങുകൾക്ക് ആകാശത്തേക്ക് വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ എന്ന വെടിയുണ്ടയാണ് ചൂടാക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. സാധാരണ ഇത്തരം സമയങ്ങളിൽ വെടിയുണ്ട വെയിലത്ത് വെച്ച് ചൂടാക്കുകയാണ് പതിവ്. എന്നാൽ, ക്ലാവ് പിടിച്ച വെടിയുണ്ടകളാണ് ചട്ടിയിലിട്ട് ചൂടാക്കിയത്.
എ ആർ ക്യാമ്പ് കമാൻഡന്റ് ഇന്നലെ വൈകിട്ടാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. എസ്ഐക്കെതിരായ നടപടി ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
Story Highlights: Disciplinary action recommended against SI for heating bullets in a pan at Ernakulam police AR camp.