പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കം തള്ളിപ്പറഞ്ഞ് ഇപി ജയരാജൻ രംഗത്തെത്തി. ആത്മകഥയിലെ ചില വിവരങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും പുറത്തുവന്നത് പൂർണമായും വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പല കാര്യങ്ങളും പുസ്തകത്തിലില്ലാത്തതാണെന്നും ആത്മകഥ അച്ചടിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിനമായ ഇന്ന് പുറത്തുവന്നതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസി ബുക്സിനെ ഏൽപ്പിച്ചിട്ടില്ലെന്നും അവരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുസ്തകം ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണെന്നും വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പൂർത്തീകരിക്കാത്ത ആത്മകഥയെക്കുറിച്ച് എങ്ങനെയാണ് ഇത്തരത്തിൽ വാർത്ത വന്നതെന്ന് ഇപി ചോദിച്ചു. ബോധപൂർവം സൃഷ്ടിച്ചിട്ടുള്ള കഥയാണിതെന്നും ആസൂത്രിതമായ പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം പിണറായി സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന പരാമർശങ്ങൾ ഉൾക്കൊള്ളുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആത്മകഥയിലെ ഉള്ളടക്കം ജയരാജൻ നിഷേധിച്ചു. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: E P Jayarajan denies content of leaked autobiography, calls it fabricated and politically motivated