ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ രംഗത്തെത്തി. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ആരെയും പുസ്തകം പ്രസിദ്ധീകരിക്കാന് ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡി സി ബുക്സിന് പുസ്തകം പുറത്തിറക്കാൻ എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച അദ്ദേഹം, ചാനലില് വന്നിട്ടുള്ള ഒരു കാര്യവും താന് എഴുതിയതല്ലെന്നും പറഞ്ഞു. വഴിവിട്ട എന്തോ സംഭവം നടന്നിട്ടുണ്ടെന്നും ഇതില് അന്വേഷണം നടത്താനാണ് ഡിജിപിക്ക് പരാതി കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസി ബുക്സിനോട് മറുപടി ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് കൊടുത്തതെന്ന് ജയരാജൻ പറഞ്ഞു. ഭാഷാശുദ്ധി വരുത്താൻ നൽകിയ ആൾ വിശ്വസ്ഥനാണെന്നും കാര്യങ്ങളെല്ലാം പരിശോധിച്ച് വ്യക്തത വരുത്തിയാലേ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണെന്ന് പറയാൻ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതി ശക്തമായ ഗൂഢാലോചന നടന്നുവെന്നും ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത് പുറത്തുവന്നത് ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു.
കോണ്ഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് ഇതിൽ കാണുന്നതെന്ന് ജയരാജൻ കുറ്റപ്പെടുത്തി. ആരോപണം ഉന്നയിക്കുന്നവർക്ക് നിലവാരം വേണമെന്നും കോൺഗ്രസുകാർക്ക് കള്ളപ്പണ ഇടപാടാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജനതയ്ക്ക് ലഭിച്ച ഉത്തമനായ സ്ഥാനാര്ഥിയാണ് ഡോ സരിന് എന്നും സരിന് ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം വാര്ത്താസമ്മേളനത്തില് കൂട്ടിച്ചേർത്തു.
Story Highlights: EP Jayarajan responds to autobiography controversy, denies authorizing publication