മുഖ്യമന്ത്രിക്കെതിരായ കോടതി ഉത്തരവിനെ കുറിച്ച് വിമർശനവുമായി ഇപി ജയരാജൻ രംഗത്തെത്തി. കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. പ്രഥമദൃഷ്ട്യാ തള്ളിക്കളയേണ്ട ഹർജിയാണിതെന്നും ജനങ്ങളുടെ ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന ഉത്തരവാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എറണാകുളം സിജെഎം കോടതിയുടെ പരിധിയിൽ ഈ പരാതി വരില്ലെന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി.
അതേസമയം, മുഖ്യമന്ത്രിക്കെതിരായ അന്വേഷണ ഉത്തരവ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. നവകേരള സദസിൽ വ്യാപക ആക്രമണം നടന്നുവെന്നും കേരളമെമ്പാടും ആളുകളെ മർദ്ദിച്ചിട്ടും തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു. പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തിൽ അനാവശ്യമായി ഇടപെടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയാണ് അക്രമത്തിനുള്ള പ്രേരണ നൽകിയതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ഗൺമാനെതിരെ അന്വേഷണം നടത്താൻ പോലീസ് മുട്ടിടിച്ചുവെന്നും ആരോപിച്ചു. എന്ത് നിയമവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കോടതി ഉത്തരവ് സ്വാഗതാർഹമാണെന്നും അന്വേഷണം സത്യസന്ധമാകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
Story Highlights: EP Jayarajan criticizes court order for investigation against Kerala CM Pinarayi Vijayan