ആത്മകഥ വിവാദം: ഇ.പി. ജയരാജന്റെ പരാതി എഡിജിപിക്ക് കൈമാറി

Anjana

EP Jayarajan autobiography controversy

ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജൻ നൽകിയ പരാതി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. ഡിജിപിയാണ് പരാതി കൈമാറിയത്. ഇന്നലെയാണ് ഇ.പി. ജയരാജൻ ഡിജിപിക്ക് പരാതി നൽകിയത്. ആത്മകഥയുടെ മറവിൽ വ്യാജ രേഖയുണ്ടാക്കി തെറ്റായ പ്രചരണം നടത്തി എന്നതുൾപ്പടെയുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്. തെരഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയുണ്ടെന്നും പരാതിയിൽ പറയുന്നു.

ആത്മകഥ എഴുതിക്കഴിയുകയോ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ഇ.പി. ജയരാജൻ വ്യക്തമാക്കി. പുസ്തക പ്രസിദ്ധീകരണത്തിന് താൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും, അത്തരം കാര്യങ്ങളെ കുറിച്ച് അടിസ്ഥാന രഹിതമായ നിലയിൽ വാർത്ത വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് സമഗ്രമായൊരു അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥയിൽ രണ്ടാം പിണറായി സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന പരാമർശങ്ങളുണ്ട്. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് പുസ്തകത്തിൽ പറയുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും, പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയിൽ പറയുന്നു. വിഷയത്തിൽ ഡി.സി. ബുക്സിന് ഇ.പി. ജയരാജൻ ഇന്നലെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

Story Highlights: EP Jayarajan’s complaint regarding autobiography controversy forwarded to ADGP in charge of law and order by DGP

Leave a Comment