കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം ജൂലൈ 18 വരെ അനുവദനീയമല്ല. അതോടൊപ്പം, ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും സമാന കാലയളവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. മധ്യ കേരളത്തിൽ അതിശക്തമായ മഴയ്ക്കും വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ ജൂലൈ 25 വരെ നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.