ഇന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ബാഹുബലി. ഈ സിനിമ വീണ്ടും റിലീസായിരിക്കുകയാണ്. രണ്ട് ഭാഗങ്ങളും ചേർത്തൊരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും തിയേറ്ററുകളിൽ ഉണ്ടാക്കിയ ആവേശം ഒട്ടും കുറയാതെ വീണ്ടും എത്തിയിരിക്കുകയാണ്. ബാഹുബലി ആദ്യ ഭാഗം 10 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് സിനിമ വീണ്ടും റിലീസ് ചെയ്തത്. തെലുങ്ക് സിനിമയുടെയും തെന്നിന്ത്യൻ സിനിമയുടെയും തലവര മാറ്റിയ എസ്.എസ്. രാജമൗലി ചിത്രമായിരുന്നു ബാഹുബലി.
ഇന്ത്യയിലെ എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് റെക്കോഡുകൾ ഈ സിനിമ അന്നേ കരസ്ഥമാക്കിയിരുന്നു. ഇപ്പോൾ ഇതാ, വീണ്ടും റിലീസ് ചെയ്തപ്പോഴും ചിത്രം ചരിത്രം കുറിക്കുകയാണ്. 3.45 മണിക്കൂർ ദൈർഘ്യമുള്ള സിനിമ കാഴ്ചക്കാരെ ഒട്ടും മുഷിപ്പിക്കുന്നില്ല എന്നത് മാത്രമല്ല, ഇപ്പോൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന മിക്ക സിനിമകളേക്കാളും മികച്ച പ്രതികരണമാണ് ബാഹുബലിക്ക് ലഭിക്കുന്നത്.
റീ റിലീസിലും മികച്ച പ്രതികരണം നേടിയ ബാഹുബലി ആരാധകരെ ആവേശത്തിലാഴ്ത്തി മുന്നേറുകയാണ്. രണ്ട് ഭാഗങ്ങളെയും ചേർത്ത് ഒറ്റ സിനിമയായാണ് ചിത്രം ഇന്നലെ വീണ്ടും തിയേറ്ററുകളിൽ എത്തിയത്.
കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 10.4 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. അതേസമയം, ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 12.35 കോടി രൂപയാണ്. വിദേശത്തുനിന്നും ഏകദേശം 4 കോടി രൂപയാണ് കളക്ഷൻ ലഭിച്ചത്.
ആഗോള ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയ ഓപ്പണിംഗ് കളക്ഷൻ 16.35 കോടി രൂപയാണ്. റീ റിലീസ് ചെയ്ത ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ ആണിത്.
Story Highlights: ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ചേർത്ത് റീ റിലീസ് ചെയ്തപ്പോൾ 16.35 കോടി രൂപ കളക്ഷൻ നേടി.



















