തിരുവനന്തപുരം മംഗലപുരത്തിനു സമീപം കൊയ്ത്തൂർക്കോണത്ത് ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 69 വയസ്സുള്ള തങ്കമണിയെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത് സഹോദരിയാണ്. ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കമണിയുടെ മൃതദേഹം തൊട്ടടുത്ത സഹോദരന്റെ പുരയിടത്തിലായിരുന്നു കണ്ടെത്തിയത്.
മൃതദേഹത്തിന്റെ മുഖത്ത് മുറിവുകളുടെ പാടുകൾ കാണപ്പെട്ടതും, ധരിച്ചിരുന്ന ബ്ലൗസ് കീറിയ നിലയിലും, ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമായിരുന്നു. കൂടാതെ പൂക്കളും ചെരിപ്പും സമീപത്ത് ചിതറിക്കിടന്നതും, കാതിൽ നിന്ന് കമ്മൽ കാണാതായതും കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തി. വെളുപ്പിനെ പൂജയ്ക്ക് പൂ പറിക്കാൻ പോയപ്പോഴാകാം കൃത്യം നടന്നതെന്നാണ് പൊലീസ് നിഗമനം.
സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന തൗഫീഖിനെ പോത്തൻകോട് നിന്ന് കസ്റ്റഡിയിലെടുത്തു. പോസ്കോ കേസിലെ പ്രതി കൂടിയാണ് തൗഫീഖ്. മോഷണ വാഹനത്തിൽ എത്തിയാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. തൗഫീഖിൽ നിന്നും തങ്കമണിയുടെ സ്വർണ കമ്മലും പൊലീസ് കണ്ടെടുത്തു. ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
Story Highlights: Elderly disabled woman murdered in Thiruvananthapuram, suspect arrested